പെരിന്തല്‍മണ്ണ: നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ ലോറി ചതുപ്പിലേക്ക് മറിഞ്ഞ് അപകടം. നിലമ്പൂര്‍ – പെരുമ്പിലാവ് സംസ്ഥാന പാതയില്‍ ബുധനാഴ്ച പുലര്‍ച്ചെ 12.15നാണ് സംഭവം. ഈ പാതയില്‍ മേലാറ്റൂര്‍ മുതല്‍ പുലാമന്തോള്‍ വരെ 30 കിലോമീറ്റര്‍ റോഡ് പണി നടക്കുന്ന ഭാഗത്ത് പുനര്‍നിര്‍മ്മാണം കഴിഞ്ഞ മുണ്ടത്തപ്പാലത്തില്‍ നിന്നാണ് ടാങ്കര്‍ ചതുപ്പിലേക്ക് വീണത്.
പെരിന്തല്‍മണ്ണ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സി.ബാബുരാജിന്‍റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിരുന്നു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നെങ്കിലും അപകടാവസ്ഥയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവറേയും ക്ലീനറേയും കിംസ് അല്‍ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലത്തിന്‍റെ നിര്‍മ്മാണം കഴിഞ്ഞെങ്കിലും ഗതാഗതത്തിന് സജ്ജമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ ഭാഗത്തുകൂടി പോകുമ്പോള്‍ എതിരെ വന്ന വാഹനത്തിന്‍റെ വെളിച്ചം കാരണം റോഡ് കാണാന്‍ സാധിച്ചില്ല.ഇതോടെ പാലത്തില്‍ മണ്ണ് കൂട്ടിയിട്ട് ഭാഗത്ത് വച്ച് ടാങ്കറിന്‍റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ടാങ്കര്‍ രാവിലെ നിവര്‍ത്തി ഇന്ധന ചോര്‍ച്ച തടയാന്‍ കഴിഞ്ഞു.