നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനില്‍ പോകാന്‍ അനുമതി

Top News

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് ആശ്വാസ വിധിയുമായി ഡല്‍ഹി ഹൈക്കോടതി. മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കി. അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇതിനായി നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
മകളുടെ ജീവന്‍ രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു. വാദത്തിനിടെ അനുമതി നല്‍കുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
യെമനിലേക്കുള്ള യാത്ര അനുമതി തേടിയാണ് അമ്മ പ്രേമകുമാരി ഹൈക്കോടതിയെ സമീപിച്ചത്. പ്രേമകുമാരിയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേല്‍ ജെറോമിന്‍റെ വിവരങ്ങള്‍ നിമിഷയുടെ അമ്മയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഒപ്പം അമ്മക്കൊപ്പം യാത്ര ചെയ്യാന്‍ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും ധരിപ്പിച്ചു. ഇവരോട് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി ഉത്തരവ്.നേരത്തെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. യെമനിലേക്ക് യാത്രാ അനുമതി ഇല്ലെന്ന് നിലപാട് അറിയിച്ച കേന്ദ്രം ഇക്കാര്യം പിന്നീട് കോടതിയില്‍ തിരുത്തിയിരുന്നു. വര്‍ഷങ്ങളായി യെമനില്‍ ബിസിനസ് നടത്തുന്ന ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നല്‍കാറുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *