നിപ: 49 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

Latest News

കോഴിക്കോട്:നിപ പരിശോധനയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവലോകന യോഗത്തിന് ശേഷം അറിയിച്ചു. 49 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ആദ്യത്തെ രോഗിയുടെ ഹൈറിസ്ക് സമ്പര്‍ക്കത്തില്‍പ്പെട്ട 281 പേരുടെ ഐസോലേഷന്‍ പൂര്‍ത്തിയായി. 36 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ചൊവ്വാഴ്ച 16 പേരെയാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.നിലവില്‍ 11 പേരാണ് ഐസോലേഷനിലുള്ളത്. ചികിത്സയിലുള്ള മൂന്ന് രോഗികളുടെയും നില തൃപ്തികരമാണ്. ചികിത്സയിലുള്ള കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. വീടുകളില്‍ നടക്കുന്ന സര്‍വേ ഫറോക്ക് ഒഴികെ എല്ലായിടത്തും പൂര്‍ത്തിയായി. 52,667 വീടുകളിലാണ് സര്‍വേ പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. മ്യൂട്ടേഷന്‍ ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിഗമനമെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു
നിപ രോഗവ്യാപനം ഉണ്ടായതിനടുത്ത ഒരു പ്രത്യേക സ്ഥലത്തുനിന്ന് എടുത്ത 36 വവ്വാല്‍ സാമ്പിളുകള്‍ പരിശോധിച്ചത് നെഗറ്റീവായിരുന്നു. തൊട്ടടുത്ത സ്ഥലത്തുനിന്നും സാമ്പിള്‍ എടുത്തിട്ടുണ്ട്. ഐസിഎംആര്‍ ലാബ് മായി ബന്ധപ്പെട്ടവരും, മൃഗസംരക്ഷണ വകുപ്പില്‍നിന്നുള്ളവരും ജില്ലയില്‍ പരിശോധന നടത്തിവരുന്നു. ഇതുസംബന്ധിച്ച നിരീക്ഷണങ്ങള്‍ തുടരും. കാട്ടുപന്നികള്‍ ചത്തതിന്‍റെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതുവരെ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് കേന്ദ്രസംഘം അറിയിച്ചത്. ആദ്യരോഗിക്ക് എവിടെ നിന്നാണ് രോഗം വന്നതെന്നതിന്‍റെ പരിശോധന നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ആരോഗ്യ സംവിധാനം ശക്തമായതു കൊണ്ട് രോഗം കൃത്യമായി കണ്ടുപിടിക്കാനാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *