നിപ ബാധിച്ച് മരിച്ച രണ്ടുപേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Top News

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച രണ്ടുപേരുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു.ആയഞ്ചേരിയില്‍ നിപ ബാധിച്ച് മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ അഞ്ചിനാണ് ഇയാള്‍ക്ക് രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. അന്ന് ഒരു ബന്ധുവിന്‍റെ വീട്ടിലും സെപ്റ്റംബര്‍ ആറിന് മറ്റൊരു ബന്ധുവിന്‍റെ വീടും സന്ദര്‍ശിച്ചു. ഏഴിന് മറ്റൊരു ബന്ധുവിന്‍റെ വീട്ടിലെത്തി. അതേദിവസം റൂബിയന്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതോടെ എട്ടാം തീയതി ആയഞ്ചേരിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തി.
ആരോഗ്യ കേന്ദ്രത്തില്‍ പോയ അതേ ദിവസം തന്നെ ഇഖ്റ ആശുപത്രിയിലേക്കും പോയിട്ടുണ്ട്. അന്നുതന്നെ ഉച്ചയ്ക്ക് 12നും ഒരു മണിക്കും ഇടയില്‍ തട്ടാങ്കോട് മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കയറി. സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ പത്തിനും 12നും ഇടയില്‍ വില്യാപ്പളളിയിലെ ആരോഗ്യകേന്ദ്രത്തില്‍ പോയി. സെപ്റ്റംബര്‍ പത്തിന് രാവിലെ 10.30നും 11നും ഇടയില്‍ വീണ്ടും ഇതേ ആരോഗ്യകേന്ദ്രത്തിലെത്തി. വടകരയിലെ ആരോഗ്യകേന്ദ്രത്തിലേക്കും അന്ന് പോയെന്ന് റൂട്ട് മാപ്പില്‍ കാണിക്കുന്നു.
സെപ്റ്റംബര്‍ 11ന് രാവിലെ ഡോക്ടര്‍ ജ്യോതികുമാറിന്‍റെ ക്ലിനിക്കിലെത്തി. അന്ന് തന്നെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെ വടകര കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സ തേടി. അവിടെ നിന്നാണ് മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിപ ബാധിച്ച് മരിച്ച ആദ്യ രോഗിയുടെ റൂട്ട് മാപ്പും പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 22 നാണ് ഇയാളില്‍ രോഗലക്ഷണം പ്രകടമായി തുടങ്ങിയത്. ശേഷം ഓഗസ്റ്റ് 23ന് തിരുവള്ളൂരില്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തു.
ഓഗസ്റ്റ് 25ന് മുള്ളന്‍കുന്ന് ബാങ്കിലും കള്ളാട് ജുമാമസ്ജിദിലും എത്തി. ഓഗസ്റ്റ് 26ന് ക്ലിനിക്കില്‍ എത്തി ഡോക്ടറെ കണ്ടു. ഓഗസ്റ്റ് 28ന് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഓഗസ്റ്റ് 29ന് ആംബുലന്‍സില്‍ കോഴിക്കോട്ടെ ഇഖ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് 30ന് മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *