കോഴിക്കോട് : നിപ വൈറസ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവായിട്ടുണ്ട് . ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിരിക്കുന്നത്. ഇതില്‍ നാലെണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധന നടത്തിയത് .ചാത്തമംഗലത്ത് റിപ്പോര്‍ട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊര്‍ജ്ജിതമാക്കി. മൃഗ സംരക്ഷണ വകുപ്പിനൊപ്പം പൂനൈ എന്‍ ഐ വി യില്‍ നിന്നുളള വിദഗ്ധ സംഘവും പരിശോധനകള്‍ക്കുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക.
രോഗം ബാധിച്ച് മരിച്ച 12കാരന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ 274 പേരുണ്ട്. ഇവരില്‍ ഏഴ് പേര്‍ കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുവരെ പരിശോധിച്ച 68 പേര്‍ക്ക് രോഗബാധയില്ലെന്ന് വ്യക്തമായി.
ചാത്തമംഗലത്ത് വീടുകള്‍ കേന്ദ്രീകരിച്ചുളള സര്‍വ്വേയില്‍ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ലെന്നതും ആശ്വാസമേകുന്നു. എങ്കിലും ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്.