നിത്യോപയോഗ സാധനങ്ങളുടെ ജി എസ് ടി കേരളത്തില്‍ നടപ്പാക്കില്ല :മുഖ്യമന്ത്രി

Kerala

സംസ്ഥാനത്ത് 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു

ഓണത്തിന് 14 ഇനങ്ങളുള്ള സൗജന്യഭക്ഷ്യക്കിറ്റ് നല്‍കും

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ അഞ്ചു ശതമാനം ജി എസ് ടി സംസ്ഥാനത്തു നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഡംബര വസ്തുക്കളുടെ നികുതി കൂട്ടാനാണ് കേരളം ജിഎസ്ടി കൗണ്‍സില്‍ നിലപാടെടുത്തത്. ആ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച ഗണ്യമായ രീതിയിലുണ്ട്. ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേപവുമെന്ന നയം സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. വിവിധ നിക്ഷേപ വാഗ്ദാനം സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്. മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടി വിജയകരമായി സംഘടിപ്പിച്ചതില്‍, 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എല്‍എക്സിയുമായി 75 കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് കരാര്‍ ഒപ്പുവെച്ചു. പത്ത് മാസം കൊണ്ട് ഇവര്‍ക്കാവശ്യമായി കെട്ടിടം കൈമാറും. കാക്കനാട് 1200 കോടി നിക്ഷേപം വരുന്ന 20000 പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിക്ക് ഒപ്പുവെച്ചിട്ടുണ്ട്. ദുബൈ എക്സ്പോ വഴിയും കേരളത്തില്‍ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കൊടിയുടെ പാക്കേജ് നടപ്പാക്കുന്നുണ്ട്. 50 കോടി വരെയുള്ള വ്യവസായങ്ങള്‍ക്ക് അതിവേഗം അനുമതി നല്‍കുകയാണ് സംസ്ഥാനം. സംരംഭകരുടെ പരാതിയില്‍ അതി വേഗം നടപടി എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക തൊഴില്‍ അവസരം നേടുക അതാണ് ലക്ഷ്യം. കിന്‍ഫ്രക്ക് കീഴിലെ അഞ്ച് പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം കിട്ടി. വായ്പ നല്‍കുന്നതില്‍ കെ എസ് ഐ ഡി സി റെക്കോര്‍ഡ് നേട്ടം ഉണ്ടാക്കി.സംസ്ഥാനത്ത് 2021 – 22 കാലത്തു 1500കോടിയുടെ വിദേശ നിക്ഷേപം നേടി. സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ ഏക്കറിന് 30 ലക്ഷം വീതം നല്‍കും. ഒരു എസ്റ്റേറ്റിന് പരമാവധി മൂന്ന് കോടി നല്‍കും. സംസ്ഥാനം ഏഷ്യയില്‍ അഫോര്‍ഡബില്‍ ടാലന്‍റ് സിസ്റ്റത്തില്‍ ഒന്നാമതായി. ലോകത്തെ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി കേരളം മാറണമെന്നാണ് ആഗ്രഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതില്‍ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നല്‍കിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വര്‍ഷവും ഓണക്കിറ്റ് നല്‍കും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായികണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *