പാറ്റ്ന : പ്രതിപക്ഷ മുന്നണി’ ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും അനുയോജ്യന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്നു ജനതാദള്‍ (യു) അധ്യക്ഷന്‍ ലലന്‍ സിംഗ്. ബിഹാര്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ 17 വര്‍ഷത്തെ അനുഭവ സമ്പത്തിനു പുറമേ കേന്ദ്ര റെയില്‍വേ, കൃഷി മന്ത്രി സ്ഥാനങ്ങള്‍ വഹിച്ച പരിചയവും നിതീഷിനുണ്ട്.
പതിറ്റാണ്ടുകളായി അധികാരം കയ്യാളിയിട്ടും അഴിമതിയുടെ കളങ്കമേശാത്ത നേതാവാണ് നിതീഷെന്നും ലലന്‍ സിങ് പ്രകീര്‍ത്തിച്ചു. ‘ഇന്ത്യ’ മുന്നണിയില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണു ജെ.ഡി.യു പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് അവകാശവാദമുന്നയിച്ചത്. മുന്നണിയിലെ മറ്റു കക്ഷികളുടെ നേതാക്കളും ഇത്തരത്തില്‍ സ്വന്തം നേതാക്കളെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.