പാട്ന: ബിഹാറില്‍ നിതീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി.മദ്യത്തിന്‍റെ ഹോം ഡെലിവറി വഴി ഭരണകക്ഷിയായ ജനതാദള്‍ (യുണൈറ്റഡ്) 10,000 കോടി രൂപ നേടിയെന്നാണ്, മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പേര് പരാമര്‍ശിച്ച് ചൗധരി ആരോപിച്ചത്. ഇന്ന് മദ്യം എല്ലാ വീട്ടിലും എത്തിയിരിക്കുന്നു. നിതീഷ് കുമാറിന് ഹോം ഡെലിവറി വഴി പണം ലഭിക്കുന്നു. നിതീഷ് കുമാറിന്‍റെ പാര്‍ട്ടി 10,000 കോടി രൂപയുടെ മദ്യ അഴിമതിയാണ് നടത്തുന്നത്. ഭരണസംവിധാനം മദ്യമാഫിയയുമായി സഹകരിക്കുന്നു. പണമെല്ലാം ജെ.ഡി.യു അക്കൗണ്ടിലെത്തുന്നു…അതുകൊണ്ടാണ് 2024ല്‍ ബീഹാറില്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഞങ്ങള്‍ ഇന്ന് പ്രതിജ്ഞയെടുക്കുന്നത്, ചൗധരിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് 2016ലെ മദ്യ നിരോധന നിയമത്തിലൂടെ മദ്യനിര്‍മാണം, വ്യാപാരം, സംഭരണം, ഗതാഗതം, വില്‍പ്പന, ഉപഭോഗം എന്നിവ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് ഏഴ് വര്‍ഷമായി വ്യാജമദ്യം കഴിച്ച് ആളുകള്‍ മരിക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്.