ബീജിംഗ്: ചൈനയില്‍ സാമ്പത്തിക പ്രതിസന്ധി സമീപകാലത്തെ ഏറ്റവും രൂക്ഷമായ നിലയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്പാദന രംഗത്തും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി രംഗത്തും മാന്ദ്യം തുടരുകയാണ്.ചൈനീസ് കമ്പനികള്‍ക്കെതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിച്ചത് സ്ഥിതി രൂക്ഷമാക്കുകയാണ് എന്നാണ് വിവരം.ചൈനീസ് വാണിജ്യ രംഗത്തിന്‍റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന മേഖലയാണ് സ്മാര്‍ട്ട് ഫോണ്‍ വ്യവസായം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്കെതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ, ഈ മേഖലയും പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചൈനീസ് മൊബൈല്‍ ഭീമനായ ഷവോമി മൂന്ന് ശതമാനം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചു വിട്ടിരിക്കുകയാണ്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ കണക്കുകള്‍ പ്രകാരം, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ 83 ശതമാനം ഇടിവാണ് ഷവോമിക്ക് മാത്രം സംഭവിച്ചിരിക്കുന്നത്. മറ്റ് മൊബൈല്‍ കമ്ബനികളും സമാനമായതോ ഇതിനേക്കാള്‍ മോശമോ ആയ അവസ്ഥയിലാണ്. ചൈനീസ് കമ്പനികളുടെ പ്രധാന വിപണിയായിരുന്ന ഇന്ത്യയില്‍ നിന്നും നേരിട്ട വന്‍ തിരിച്ചടിയാണ് ഇതിന് പ്രധാന കാരണം എന്നാണ് റിപ്പോര്‍ട്ട്.