. കൂട്ടിയതൊന്നും കുറയ്ക്കില്ല: മന്ത്രി കെ. എന്‍.ബാലഗോപാല്‍
. എല്ലാ നികുതി വര്‍ദ്ധനവും പ്രാബല്യത്തില്‍ വരും
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതിവര്‍ദ്ധനവ് കുറയ്ക്കില്ലെന്നു ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
ഇന്ധനസെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനമടക്കം എല്ലാ നികുതി വര്‍ദ്ധനവും പ്രാബല്യത്തില്‍ വരും. നികുതി വര്‍ദ്ധനവില്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ധനമന്ത്രി പറഞ്ഞു.
കേരളത്തിന് കിട്ടേണ്ട പണം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത് യുഡിഎഫ് അംഗങ്ങള്‍ക്ക് പ്രശ്നമല്ല. കേരളത്തിന് ഒന്നും കിട്ടേണ്ടന്ന നിലപാട് അംഗീകരിക്കാനാവില്ല. കേരളത്തിന് അര്‍ഹമായ വിഹിതം വെട്ടികുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നു. എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് അഞ്ചു കോടിയില്‍ നിന്ന് ആറ് കോടിയാക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുന്നു. ഉള്ളത് തന്നെ കൊടുക്കാനാവാത്ത സ്ഥിതിയാണ്. ഫണ്ട് കൂട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷം വരുമാനം കൂട്ടാന്‍ കൊണ്ടുവന്ന സെസ് കുറക്കാന്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. ധനമന്ത്രി പറഞ്ഞു
1960-70 കാലത്തെ നികുതിയാണ് പലയിടത്തും. തദ്ദേശ നികുതികള്‍ ഒന്നും സംസ്ഥാന സര്‍ക്കാരിന് കിട്ടുന്നതല്ല. കോര്‍ട്ട്ഫീ സ്റ്റാമ്പ് തുകയുടെ വലിപ്പമല്ല പ്രശ്നം. ആ മേഖലയില്‍ നിന്ന് തന്നെ പരിഷ്കരണം വേണമെന്ന് ആവശ്യം വന്നു. മദ്യവില കഴിഞ്ഞ രണ്ടു വര്‍ഷമായി കൂട്ടിയിട്ടില്ല. 500 രൂപയ്ക്ക് മുകളില്‍ 20 രൂപയും 1000 രൂപയ്ക്ക് മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. ആകെ വില്‍ക്കുന്ന നല്ലൊരു ഭാഗവും 500ന് താഴെയാണ്.
പെട്രോള്‍ വില വര്‍ദ്ധന പ്രത്യേക ഫണ്ടെന്ന നിലയിലാണ്. കേന്ദ്രം പെട്രോള്‍ വിലയില്‍ 20 രൂപ എടുക്കുന്നു. 7500 കോടി കേന്ദ്രം ഇന്ധനത്തില്‍ പിരിക്കുന്നു. പ്രത്യേക സാഹചര്യത്തില്‍ പിരിക്കാം എന്ന ന്യായം വെച്ചാണ് പിരിവ്. സംസ്ഥാനം കൂട്ടിയപ്പോള്‍ വലിയ പ്രതിഷേധം നടക്കുന്നു. ഇങ്ങിനെ പ്രതിഷേധം സെസില്‍ വേണോ. ധനമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി.
നികുതി വര്‍ദ്ധന കുറയ്ക്കുമെന്ന നിലയില്‍ സൂചനയുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ നികുതി കുറച്ചാല്‍ അത് പ്രതിപക്ഷത്തിന്‍റെ വിജയമാകുമെന്ന കാരണത്താല്‍ കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിച്ചേരുകയായിരുന്നുവെന്ന് പറയപ്പെടുന്നു.