തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ അനുഭവപ്പെടുന്നത് കൊടുംചൂട്. വിവിധ ജില്ലകളില്‍ സൂര്യാഘാത സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യത. സംസ്ഥാനത്തെ ഹീറ്റ് ഇന്‍ഡക്സ് (താപസൂചിക ) പ്രസിദ്ധീകരിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. താപനിലയും ഈര്‍പ്പവും ചേര്‍ന്നുള്ള ഹീറ്റ് ഇന്‍ഡകസാണ് തയ്യാറാക്കിയത്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളില്‍ അനുഭവവേദ്യമാകുന്ന ചൂട് 54 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണെന്നും ഇന്‍ഡക്സില്‍ പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 45 ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവപ്പെട്ടേക്കും. ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെ ബാക്കി എല്ലായിടത്തും 40 നും 45 നും ഇടക്കാണ് താപസൂചികയെന്നും പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന ജില്ലകളിലൊന്നായ വയനാട്ടിലും പകല്‍ സമയങ്ങളിലിപ്പോള്‍ കടുത്ത ചൂടാണനുഭവപ്പെടുന്നത്. കുടിവെള്ള ക്ഷാമവും ജില്ലയില്‍ രൂക്ഷമാണ്.