. കൂടുതല്‍ പേര്‍ പത്രിക നല്‍കിയത് തിരുവനന്തപുരത്ത്
. കുറവ് ആലത്തൂരില്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോള്‍ ആകെ നാമനിര്‍ദേശം നല്‍കിയത് 290 സ്ഥാനാര്‍ത്ഥികള്‍. 499 നാമനിര്‍ദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ എല്ലാം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. റോഡ് ഷോകള്‍ അടക്കം സംഘടിപ്പിച്ച് ശക്തി പ്രകടനമായാണ് പലരും പത്രിക നല്‍കാനെത്തിയത്.ഏറ്റവും കൂടുതല്‍ പേര്‍ പത്രിക നല്‍കിയത് തിരുവനന്തപുരത്താണ്. 22 പേര്‍. ഏറ്റവും കുറവ് ആലത്തൂരിലാണ്. എട്ട് പേര്‍.
അവസാന ദിവസമായ ഇന്നലെ നിരവധി സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്.കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പമാണ് വയനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. അമര്‍ ജവാന്‍ സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം പ്രകടനമായി എത്തിയാണ് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പത്രിക നല്‍കിയത്. കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍, പി.കെ. കൃഷ്ണദാസ് ,എ.പി.അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കൊപ്പമെത്തിയാണ് തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പത്രിക നല്‍കിയത്. വടകരയില്‍ സ്ത്രീകള്‍ മാത്രം പങ്കെടുത്ത പ്രകടനത്തിന്‍റെ അകമ്പടിയോടെയാണ് യു.ഡി.എഫിലെ ഷാഫി പറമ്പില്‍ പത്രിക നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍, കെ. കെ. രമ എം.എല്‍ എ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ആലപ്പുഴയിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ എ. എം.ആരിഫ്, കെ.സി.വേണുഗോപാല്‍ എന്നിവരും പത്രിക നല്‍കി. ആലത്തൂരി ല്‍ യു.ഡി. എഫിലെ രമ്യ ഹരിദാസ്, ആറ്റിങ്ങലില്‍ യു.ഡി.എഫിലെ അടൂര്‍ പ്രകാശ്, കൊല്ലത്ത് യു.ഡി.എഫിലെ എന്‍.കെ പ്രേമചന്ദ്രന്‍, എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു.തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷൈന്‍ ലാല്‍ നാമനിര്‍ദേശ പത്രിക നല്‍കി.
പൊന്നാനിയില്‍ 20 സ്ഥാനാര്‍ത്ഥികളും കണ്ണൂരില്‍ 18 സ്ഥാനാര്‍ത്ഥികളും പത്രിക നല്‍കി. ഇന്ന് സൂക്ഷ്മ പരിശോധന നടക്കും.ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി.