നാടക കലാകാരന്‍ ആലപ്പി ബെന്നി അന്തരിച്ചു

Latest News

കൊല്ലം: നാടക കലാകാരന്‍ ആലപ്പി ബെന്നി (ബെന്നി ഫെര്‍ണാണ്ടസ്-72) അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ അന്തേവാസിയായി കഴിഞ്ഞുവരികയായിരുന്നു. മലയാള പ്രൊഫഷണല്‍ നാടകരംഗത്ത് ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. അവശനിലയില്‍ ബെന്നിയെ രണ്ടാഴ്ച മുമ്പാണ് പരിചയക്കാര്‍ ഗാന്ധിഭവനിലെത്തിച്ചത്.
റോബര്‍ട്ട് ഫെര്‍ണാണ്ടസ്-ജയിന്‍ ദമ്പതികളുടെ മകനായി ആലപ്പുഴയിലെ പൂങ്കാവില്‍ ജനിച്ച ബെന്നി പിതാവില്‍ നിന്നാണ് സംഗീതത്തിന്‍റെ ബാലപാഠങ്ങളും ഹാര്‍മ്മോണിയം വായനയും പരിശീലിച്ചത്. തുടര്‍ന്ന് നിരവധി ഗുരുക്കന്മാരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. വി.സാംബശിവന്‍റെ കഥാപ്രസം സംഘത്തില്‍ ഹാര്‍മ്മോണിസ്റ്റായി കഥാപ്രസംഗ വേദികളിലെത്തിയ ബെന്നി, എം.എസ്. ബാബുരാജിന്‍റെ സഹായിയായി ചലച്ചിത്ര രംഗത്തും പ്രവര്‍ത്തിച്ചു.
എം.ജി, സോമന്‍, ബ്രഹ്മാനന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന്‍പിള്ളയുടെ കായംകുളം കേരള തീയേറ്റേഴ്സിലൂടെയാണ് നാടക രംഗത്തെത്തിയത്. പിന്നീട് സെയ്ത്താന്‍ ജോസഫിന്‍റെ ആലപ്പി തിയേറ്റേഴ്സ്, കായംകുളം പീപ്പിള്‍ തിയേറ്റേഴ്സ്, കൊല്ലം യൂണിവേഴ്സല്‍ തുടങ്ങിയ സമിതികളിലൂടെ നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതരാണ് നാടക ഗാനരംഗത്തേക്ക് ബെന്നിയെ എത്തിച്ചത്. നാടക രംഗത്തെ തിരക്കുകള്‍ക്കിടെ 1996 മാര്‍ച്ച് 10 നുണ്ടായ ഒരപകടത്തില്‍ ബെന്നിയുടെ ഇടതുകാല്‍, മുട്ടിനോട് ചേര്‍ത്തു മുറിച്ചു മാറ്റേണ്ടിവന്നു. ആ ദുരന്തത്തെ തുടര്‍ന്ന് നാടക വേദിയോട് എന്നെന്നേക്കുമായി ബെന്നി വിടപറഞ്ഞു. തുടര്‍ന്ന് ഭക്തിസംഗീത മേഖലയിലേക്ക് തിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *