മോണ്‍: നാഗാലാന്‍ഡ് അസം അതിര്‍ത്തി ജില്ലയായ മോണില്‍ ഗ്രാമീണര്‍ക്ക് നേരെ വെടിവയ്പ് നടത്തിയതില്‍ 21 പാരാമിലിറ്ററി സേനയ്ക്കെതിരെ കേസെടുത്ത് നാഗാലാന്‍ഡ് പോലീസ്.പ്രകോപനമുണ്ടാക്കാത്ത ഗ്രാമീണര്‍ക്ക് നേരെയാണ് വെടിവയ്പ് നടന്നതെന്നും കൊല്ലണമെന്നും പരിക്കേല്‍പ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ തന്നെയാണ് വെടിവയ്പ് നടത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.ഞായറാഴ്ചയാണ് ഇന്തോമ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള ഗ്രാമത്തില്‍ വെടിവയ്പുണ്ടായത്. 13 ഗ്രാമീണരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. വെടിവയ്പിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. സൈനിക യൂണിറ്റ് ആക്രമിച്ച ഗ്രാമീണര്‍ വാഹനങ്ങള്‍ക്ക അടക്കം തീയിട്ടിരുന്നു. സൈനിക നടപടി നടക്കുമ്പോള്‍ പ്രദേശത്ത് പോലീസ് സാന്നിധ്യമുണ്ടായിരുന്നില്ല.
പോലീസിനെ വിവരം അറിയിക്കാതെയാണ് നടപടി. പോലീസിന്‍റെ സഹായം തേടിയിരുന്നില്ല. അതുകൊണ്ടുതന്നെ സുരക്ഷാസേനയുടെ ഉദ്ദേശം നാട്ടുകാരെ വകവരുത്തുന്നതും പരിക്കേല്‍പ്പിക്കുന്നതുമാണെന്നത് വ്യക്തമാണ്. എഫ്.ഐ.ആറില്‍ പറയുന്നു. ഉച്ചകഴിഞ്ഞ 3.30 ഓടെയാണ് വെടിവയ്പ് നടന്നിരിക്കുന്നത്. തിരുവിലെ കല്‍ക്കരി ഖനിയിലെ തൊഴിലാളികള്‍ക്കു നേരെയാണ് ആക്രമണം നടന്നത്.
ഖനിയിലെ ജോലി കഴിഞ്ഞ് സ്വദേശമായ ഓട്ടിംഗിലേക്ക് ബൊലേറോ പിക്ക് അപ് വാഹനത്തില്‍ പോകുകയായിരുന്നു തൊഴിലാളികള്‍.
ലോങ്ഖവോയില്‍ എത്തിയപ്പോള്‍ സുരക്ഷാസേന ഏകപക്ഷീയമായി വെടിവയ്പ് നടത്തി. തൊഴിലാളികളുടെ ഭാഗത്തുനിന്ന ഒരു പ്രകോപനവുമുണ്ടായിട്ടില്ല. നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു.
അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റമാണെന്ന് കരുതിയാണ് വെടിവയ്പ് നടത്തിയതെന്നും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സംഭവത്തില്‍ ഉന്നതതല അന്വേഷണമുണ്ടാകുമെന്നും സൈന്യം ഇന്നലെ അറിയിച്ചിരുന്നു.
ക്രമസമാധാന പ്രശ്നങ്ങളെ തുടര്‍ന്ന് സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണ് മോണ്‍. ഇവിടെ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതും കൊമേഷ്യല്‍ വാഹനങ്ങള്‍ അടക്കം അത്യാവശ്യമില്ലാത്ത വാഹനഗതഗതവും നിരോധിച്ചിട്ടുണ്ട്.
