പാലക്കാട്: കൊവിഡാനന്തരം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നവീകരണം പുരോഗമിക്കുന്നു. ലോക്ക് ഡൗണ്‍ ഇളവില്‍ ജില്ലയിലെ ഓരോ കേന്ദ്രവും പുതുമോടിയില്‍ സഞ്ചാരികളെ വരവേല്‍ക്കും. മലമ്ബുഴയിലും കാഞ്ഞിരപ്പുഴയിലും ഡാമുകളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നത്.
മികച്ച പൂന്തോട്ടങ്ങളും നടപ്പാതകളുമായി ഉദ്യാനങ്ങള്‍ പുതിയ രീതിയിലേക്ക് മാറുകയാണ്. കുടിവെള്ള യൂണിറ്റ്, വൈദ്യുതീകരണം, ശൗചാലയം ബ്ലോക്ക്, കഫ്റ്റീരിയ, ഇരിപ്പിടങ്ങള്‍ എന്നിവയോടൊപ്പം താമരക്കുളം, കളിസ്ഥലം, പ്രതിമയുടെ നവീകരണം, സെല്‍ഫി പോയിന്‍റ് എന്നിവ സജ്ജമാകും.
പോത്തുണ്ടി ഡാമില്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം ഉടനാരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള സാഹസിക ടൂറിസമാണ് നടപ്പാക്കുന്നത്. സിപ് ലൈന്‍, ആകാശ സൈക്കിള്‍ സവാരി, പോളാരിസ് റൈഡ് എന്നിവ ഉള്‍പ്പെടെയുള്ള നാല് കോടിയുടെ സാഹസിക ടൂറിസം നേരത്തെ നടപ്പാക്കിയിരുന്നു. ഇത് വിപുലപ്പെടുത്തും. സാഹസിക സ്പോര്‍ട്സ്, കളിസ്ഥലം, കിയോസ്ക്, ടോയ്ലറ്റ്, നടപ്പാത, കുടിവെള്ള വിതരണം, പ്രവേശന കവാടം, വേലി, മഴക്കുടില്‍, പോഡിയം, വൈദ്യുതീകരണം, നിരപ്പാക്കല്‍ തുടങ്ങിയവ പൂര്‍ത്തിയായി.
മംഗലം ഡാമില്‍ അടുത്ത വര്‍ഷത്തോടെ കുട്ടികളുടെ സാഹസിക ടൂറിസത്തിനുള്ള ക്രമീകരണമാണൊരുക്കുന്നത്. ഇതിന്‍റെ നടപടി പുരോഗമിക്കുകയാണ്. വ്യൂ പോയിന്‍റ്, റോപ്പ് കോഴ്സ്, കളിസ്ഥലം, കുളം, മഴക്കുടില്‍, ഇരിപ്പിടങ്ങള്‍, സ്റ്റേജ്, വൈദ്യുതീകരണം, ഇന്‍റര്‍ലോക്ക്, കമ്ബോസ്റ്റിങ് പ്ലാന്‍റ് തുടങ്ങി 4.76 കോടിയുടെ പ്രവര്‍ത്തനം നേരത്തെ പൂര്‍ത്തിയായിരുന്നു.
തസ്രാക്കില്‍ ഒരേക്കര്‍ നാലുസെന്‍റ് ഭൂമിയില്‍ സ്വപ്നഗ്രാമം തയ്യാറാവുകയാണ്. ഗ്രാമത്തിലെ കെട്ടിടത്തിന്‍റെ തറപ്പണി പൂര്‍ത്തിയായി. ഒ.വി.വിജയന്‍ സ്മാരകത്തിനും ഞാറ്റുപുരയ്ക്കും പിന്നിലായാണ് എഴുത്തുഗ്രാമവും ഒരുങ്ങുന്നത്. അഞ്ചുകോടിയുടേതാണ് പദ്ധതി.
500 ചതുരശ്ര അടി വിസ്തൃതിയിലുള്ള എട്ട് കോട്ടേജുകള്‍ ഗ്രാമത്തിലുണ്ടാവും. ഇതില്‍ എഴുത്തുകാര്‍ക്ക് കുടുംബമേതം താമസിച്ച് രചനകള്‍ നടത്താം.അടുക്കള, വര്‍ക്ക് ഏരിയ, കിടപ്പുമുറി, സ്വസ്ഥമായി ഇരുന്ന് എഴുതാവുന്ന സൗകര്യം എന്നിവയും ഒരുക്കും.
മരങ്ങള്‍ക്ക് മുകളില്‍ രണ്ടുപേര്‍ക്ക് വീതം താമസിക്കാവുന്ന അഞ്ച് കുടിലുകളും ഒരുക്കുന്നുണ്ട്. തൊട്ടടുത്ത് വരുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ഓഫീസ്, റിസപ്ഷന്‍, ഭക്ഷണശാല തുടങ്ങിയവ സജ്ജമാക്കും.