ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് നിയമിച്ചു. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കടുത്ത ഭിന്നതയിലായിരുന്നു സിദ്ദു. പിസിസി അധ്യക്ഷസ്ഥാനത്തു സിദ്ദുവിനെ നിയമിക്കുന്നതില്‍ അമരീന്ദര്‍ സിംഗിന് എതിര്‍പ്പുണ്ടായിരുന്നു.
എന്നാല്‍, പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാന്‍ഡ് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കിയത്. സംഗത് സിംഗ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിംഗ് ഡാന്നി, പവന്‍ ഗോയല്‍, കുല്‍ജിത് സിംഗ് നഗ്ര എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി നിയമിച്ചു. സുനില്‍ ജാക്കറിനു പകരമാണു സിദ്ദുവിന്‍റെ നിയമനം.
നവജ്യോത് സിദ്ദു ഇന്നലെ മുതിര്‍ന്ന നേതാക്കളുമായും മന്ത്രിമാരുമായും എംഎല്‍എമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പട്യാല, ഖന്ന, ജലന്ധര്‍ എന്നിവിടങ്ങളിലായിരുന്നു കൂടിക്കാഴ്ച.
അതേസമയം, ഇന്നലെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടിയില്‍നിന്നു കോണ്‍ഗ്രസിലെത്തിയ മൂന്ന് എംഎല്‍എമാരും ഇതില്‍ ഉള്‍പ്പെടും. നവജ്യോത് സിദ്ദു സെലിബ്രിറ്റിയാണെന്നും പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാണെന്നും എന്നാല്‍ സ്വന്തം സര്‍ക്കാരിനെയും പാര്‍ട്ടിയെയും നിരന്തരം വിമര്‍ശിക്കുന്നത് അണികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുമെന്ന് അമരീന്ദര്‍ പക്ഷക്കാരായ എംഎല്‍എമാര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സുഖ്പാല്‍ സിംഗ് ഖയ്ര, കുല്‍ദീപ് സിംഗ് വൈദ്, ഫത്തേജംഗ് ബജ്വ, ഹര്‍മീന്ദര്‍ സിംഗ് ഗില്‍ തുടങ്ങിയവരാണ് അമരീന്ദറിനുവേണ്ടി രംഗത്തിറങ്ങിയത്.