കൊച്ചി : നവകേരള സദസ്സിനോടനുബന്ധിച്ച് സ്കൂളുകളുടെ മതില്‍ പൊളിച്ചുമാറ്റുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. എന്തിനാണ് സ്കൂള്‍ മതില്‍ പൊളിക്കുന്നതെന്നും പൊതുഖജനാവിലെ പണം അല്ലേ ഇതിനായി ചെലവഴിക്കുന്നതെന്നും കോടതി ആരാഞ്ഞു. കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനം നവകേരള സദസ്സിനായി വിട്ടുനല്‍കുന്നതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
നവകേരള സദസ്സുമായി ബന്ധപ്പെട്ടു മതിലുകള്‍ പൊളിക്കുന്നതായി കേള്‍ക്കുന്നുണ്ടല്ലോ എന്ന കോടതിയുടെ പരാമര്‍ശത്തിനു മതിലുകള്‍ പുനര്‍നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പിന്നാലെ, പൊതുഖജനാവിലുള്ള പണം അല്ലേ ചെലവഴിക്കുന്നതെന്നു കോടതി ചോദിച്ചു.
ചക്കുവള്ളി ക്ഷേത്രമൈതാനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൊല്ലം ജില്ലാ കലക്ടര്‍ക്കും നവകേരള സദസ്സിന്‍റെ നോഡല്‍ ഓഫിസര്‍ക്കും കോടതി നിര്‍ദേശം നല്‍കി.
