നവകേരള മുന്നേറ്റം ക്യാമ്പയിന് ഇന്ന് തുടക്കം

Top News

തിരുവനന്തപുരം : മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ 9.30നാണ് പരിപാടി തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നത്. പ്രസംഗം പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും ഒരുക്കിയിട്ടുണ്ട്. ജനപ്രതിനിധികളും സംഘടനകളും കൂട്ടായ്മകളും പ്രതിനിധികളും കലാകായിക പ്രതിഭകളുമെല്ലാം ഓരോ കേന്ദ്രത്തിലും പരിപാടികളില്‍ പങ്കെടുക്കും.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍. ലഹരിക്കെതിരെയുള്ള പരിപാടികളുടെ ഭാഗമായി സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലം വരെയും സ്കൂള്‍ തലം വരെയും ജനകീയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട് ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി ഇന്ന് കുട്ടികളുടെ ക്ലാസ് റൂം ഡിബേറ്റുകളും നടക്കും. എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും ഓരോ ക്ലാസ്റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും.ഒക്ടോബര്‍ 6, 7 തീയതികളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും.
ഒക്ടോബര്‍ 8 മുതല്‍ 12 വരെ ക്ലബ്ബുകള്‍, ഹോസ്റ്റലുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. വിവിധ മേഖലകളിലുള്ള പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്‍റെ വീഡിയോ പരിപാടികളില്‍ പ്രദര്‍ശിപ്പിക്കും.
ഒക്ടോബര്‍ 9ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളും ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും.
പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിലും ലഹരി വിരുദ്ധ പ്രചാരണം ഉള്‍പ്പെടുത്തും. ഒക്ടോബര്‍ 2മുതല്‍ 14 വരെയാണ് പരിപാടി. പട്ടികജാതി-പട്ടികവര്‍ഗ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിന്‍ പ്രൊമോട്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകമായി നടത്തും.
ഒക്ടോബര്‍ 14ന് ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, ടൗണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപാരികളുടെയും വ്യവസായികളുടെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കും.
ഒക്ടോബര്‍ 16ന് വൈകിട്ട് 4 മുതല്‍ 7വരെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രതാ സദസ് സംഘടിപ്പിക്കും. അതിഥി തൊഴിലാളികള്‍ക്കിടയിലും വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനവും ശക്തമാക്കും. ഒക്ടോബര്‍ 15 മുതല്‍ 22 വരെയാണ് ഈ ക്യാമ്പയിന്‍.

Leave a Reply

Your email address will not be published. Required fields are marked *