. ബസ്സിന്‍റെ വാതിലിന് പ്രശ്നം .തകരാറൊന്നും ഇല്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്
കോഴിക്കോട് : നവകേരള ബസിന്‍റെ ആദ്യദിവസത്തെ ട്രിപ്പ് വിജയം. മുഴുവന്‍ സീറ്റില്‍ ആളുകളെയുമാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബസ് ബെംഗളൂരുവിലെത്തിയത്. രാവിലെ നാലു മണിക്കാണ് കോഴിക്കോടുനിന്നു പുറപ്പെടേണ്ടിയിരുന്നതെങ്കിലും യാത്ര തുടങ്ങിയപ്പോള്‍ നാലരയായി. ഇതിനിടെ മുന്‍പിലെ ലിഫ്റ്റുള്ള ഡോര്‍ തുറന്നുപോയത് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു. തുടര്‍ന്ന് ബാഗിന്‍റെ വള്ളി ഉപയോഗിച്ചാണു ഡോര്‍ തുറന്നുപോകാതെ കെട്ടിവച്ചത്. ഡോറ് തുറന്ന് ബസിനുള്ളിലേക്കു ശക്തിയായ കാറ്റ് അടിച്ചു കയറാന്‍ തുടങ്ങിയതോടെ യാത്രക്കാരുടെ സഹകരണത്തോടെയാണു കാരന്തൂര്‍ വച്ച് ഡോര്‍ കെട്ടിവച്ചത്. തുടര്‍ന്ന് ബത്തേരി ഡിപ്പോയില്‍ എത്തിച്ചു ഡോര്‍ നന്നാക്കിയശേഷം യാത്ര തുടരുകയായിരുന്നു.
ഇതിനിടെ താമരശ്ശേരിയില്‍ പൗരാവലിയുടെെ നേതൃത്വത്തില്‍ ബസിനു സ്വീകരണവും നല്‍കി. 1240 രൂപയാണ് കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്കു വേണ്ടിവരുന്നത്. ഇതേ ചാര്‍ജ് തന്നെയാണ് എവിടെനിന്നു കയറിയാലും. മറ്റു ഡീലക്സ് ബസുകളെ അപേക്ഷിച്ച് ചാര്‍ജ് കൂടുതലാണെങ്കിലും മികച്ച യാത്രാ സൗകര്യമാണു ബസിലുള്ളത്.
കോഴിക്കോട് ബെംഗളൂരു റൂട്ടില്‍ ബസുകളുടെ അപര്യാപ്തത വളരെ രൂക്ഷമാണ്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ക്കു പുതിയ സര്‍വീസ് ഉപകാരപ്രദമാകുമെന്നാണു കരുതുന്നത്. ഉത്സവ കാലത്ത് കോഴിക്കോട് ബെംഗളൂരു യാത്രയ്ക്ക് സ്വകാര്യ ബസുകള്‍ 3000 രൂപ വരെ വാങ്ങുന്നുണ്ട്. അതേസമയം കെ.എസ്.ആര്‍.ടി.സിയുടെ മറ്റ് എസി ബസുകള്‍ക്ക് ഇത്രയും ടിക്കറ്റ് നിരക്കില്ല.
അതിനിടെ നവകേരള ബസ്സിന്‍റെ വാതിലിന് മെക്കാനിക്കല്‍ തകരാറൊന്നും ഇല്ലായിരുന്നുവെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബസ്സിന്‍റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തിയതാണെന്നും ഇതോടെ ഡോറിന്‍റെ ഫങ്ഷന്‍ മാറിയതാണെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.