മംഗളൂരു:ഹാസനിലെ രാജീവ്, രത്ന നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ അറുപതോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേല്‍ക്കുന്നത്. കെ.ആര്‍ പുരയില്‍ ഒരേ മാനേജ്മെന്‍റിന്‍റെകീഴിലുള്ള രാജീവ്, രത്ന എന്നീ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.ഇരു കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ ഒരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഇവിടെനിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് കടുത്ത ഛര്‍ദിയും വയറിളക്കവും പിടിപ്പെട്ടത്. തിങ്കളാഴ്ചയോടെ അവശതയിലായ വിദ്യാര്‍ത്ഥികളെ രാജീവ്, ജനപ്രിയ, ഹിംസ് ആശുപത്രികളിലും കോളേജിന്‍റെ ഉടമസ്ഥതയിലുള്ള ആയുര്‍വേദ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രോഗബാധിതരായി.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ചൊവ്വാഴ്ച മിക്ക വിദ്യാര്‍ത്ഥികളെയും നാട്ടിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങും. ഈയിടെ സമാനമായ രീതിയില്‍ കൂട്ടത്തോടെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതോടെ കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു. വൃത്തിഹീന സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഭക്ഷണത്തില്‍നിന്ന് പ്രാണികളെയും മറ്റും കിട്ടുന്നത് നിത്യസംഭവമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.