ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കും. ജൂണ്‍ 22ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം.ജോ ബൈഡനും പ്രഥമവനിത ജില്‍ ബൈഡനും സംയുക്തമായാണ് മോദി സന്ദര്‍ശനം നടത്തുന്ന വിവരം അറിയിച്ചത്. ബൈഡനുമൊത്ത് മോദി അത്താഴവും കഴിക്കും.
ഇന്ത്യയും യു.എസും തമ്മിലുള്ള തന്ത്രപരമായ സൗഹൃദത്തിനാണ് സന്ദര്‍ശനത്തില്‍ ഊന്നല്‍. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളിലെ ഉഭയകക്ഷി ബന്ധത്തിന്‍റെ പുരോഗതി രാഷ്ട്രതലവന്‍മാര്‍ വിലയിരുത്തും. സാങ്കേതിക വിദ്യ, വ്യാപാരം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടാവും.
2021ലും നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിച്ചിരുന്നു. ക്വാഡ് ഉച്ചകോടിയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഇന്ത്യക്കും യു.എസിനും പുറമേ ജപ്പാനും ആസ്ട്രേലിയയും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. അന്ന് പൂര്‍ണമായ സന്ദര്‍ശനമായിരുന്നില്ല മോദി നടത്തിയത്. നേരത്തെ പ്രതിരോധ മേഖലയില്‍ ഇന്ത്യ-യു.എസ് സഹകരണം പ്രഖ്യാപിച്ചിരുന്നു.