ഇസ്ലാമാബാദ് : കശ്മീര്‍ പോലുള്ള കത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗൗരവവും ആത്മാര്‍ഥവുമായ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ്.യു.എ.ഇ സന്ദര്‍ശനത്തിനിടെ അല്‍ അറബിയ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘നരേന്ദ്ര മോദിയോട് എനിക്ക് നല്‍കാനുള്ള സന്ദേശം ഇതാണ്, നമുക്ക് ഒരു മേശക്ക് ചുറ്റിലും ഇരിക്കാം. ആത്മാര്‍ഥതയോടെ, ഗൗരവത്തോടെ വിഷയങ്ങള്‍ സംസാരിക്കാം”, അദ്ദേഹം പറഞ്ഞു.
“പാകിസ്താനും ഇന്ത്യയും അയല്‍ക്കാരാണ്. പരസ്പര സഹകരണത്തോടെ ജീവിക്കേണ്ടവര്‍. സമാധാനത്തോടെ ജീവിച്ച് പുരോഗതി നേടുകയാണ് വേണ്ടത്. അല്ലാതെ പരസ്പരം കലഹിച്ച് സമയവും വിഭവങ്ങളും പാഴാക്കുകയല്ല. ഇരു രാജ്യങ്ങളും തമ്മില്‍ മൂന്ന് യുദ്ധങ്ങളുണ്ടായി. അത് ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നല്‍കിയത്. ഞങ്ങള്‍ പാഠം പഠിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, സമാധാനത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദാരിദ്ര്യം ഇല്ലാതാക്കാനും അഭിവൃദ്ധി കൈവരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി നമ്മുടെ വിഭവങ്ങള്‍ പാഴാക്കരുത്” – ഇതാണ് പ്രധാനമന്ത്രി മോദിക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന സന്ദേശമെന്ന് ശഹബാസ് ശരീഫ് പറഞ്ഞു.