തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രമുഖര്‍. രാജ്യത്തെ സേവിക്കാന്‍ ദീര്‍ഘായുസും ആരോഗ്യവും ലഭിക്കട്ടെയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ആശംസിച്ചത്. ജന്മദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയക്കുകയായിരുന്നു. ബഹുമാനപ്പെട്ട് പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് നേരുന്നു എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പതിവ് പോലെ മോഹന്‍ലാലും ആശംസയുമായി എത്തി. ജീവിതത്തിലൂട നീളം നന്മയും ആരോഗ്യവും വിജയങ്ങളും ഉണ്ടാകട്ടെയെന്ന് ലാല്‍ ആശംസിച്ചു. മോദിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
കൊവിഡ് മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രിയ നേതാവിന്റെ ജന്മദിനത്തില് വലിയ തോതിലുള്ള ആഘോഷങ്ങളൊഴിവാക്കാനാണ് ബിജെപിയുടെ പദ്ധതി. പകരം, മോദിയുടെ നേതൃപാടവവും മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങളിലെ സംഭാവനകളും ഉയര്‍ത്തിക്കാട്ടുകയാണ് ബി.ജെ.പിയുടെ പദ്ധതി. കഴിഞ്ഞ വര്‍ഷവും പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി മുതല്‍ പ്രധാനമന്ത്രി വരെയുള്ള അധികാരത്തിന്റെ 20ാം വര്‍ഷം പൂര്‍ത്തിയാകലും പിറന്നാളിനൊപ്പം ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ ഇന്നുമുതല്‍ ആഘോഷിക്കും. സേവാ ഔര്‍ സമര്പ്പണ് അഭിയാന് എന്ന പേരില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്നതാണ് പരിപാടി.