കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഭഗവല്‍ സിംഗ്, ഭാര്യ ലൈല, മുഹമ്മദ് ഷാഫി എന്നിവരെ ഈ മാസം 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.സമാനതകള്‍ ഇല്ലാത്ത ക്രൂരകൃത്യമെന്നും സമൂഹികമനസാക്ഷിയെ ഞെട്ടിച്ചെന്നും കസ്റ്റഡി ഉത്തരവില്‍ കോടതി പറഞ്ഞു. 20 ഇടങ്ങളില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷന് വാദം മുഖവിലക്കെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഷാഫി കൂടുതല്‍ നരബലി നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്.
പന്ത്രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനായി 22 കാരണങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ അവതരിപ്പിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ട പ്രകാരം 12 ദിവസത്തെ പോ ലീസ് കസ്റ്റഡി കോടതി അനുവദിച്ചത്. പ്രതികളെ പോലീസ് ഭീഷണിപ്പെടുത്തി, നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചു എന്നിവയായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. കൊല്ലപ്പെട്ട പത്മയെ തട്ടിക്കൊണ്ടുപോയതല്ല, അവര്‍ സ്വമേധയാ ഷാഫിക്കൊപ്പം പോയാതാണെന്ന വാദവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ആളൂര്‍ ഉന്നയിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിലല്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങള്‍ തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്.
കൊച്ചി ഗാന്ധി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരന്‍. നരബലി നടക്കാന്‍ ദമ്പതികള്‍ക്ക് ഉപദേശം നല്‍കുകയും സ്ത്രീകളെ എത്തിച്ച് നല്‍കുകയും ചെയ്തത് സ്വദേശി മുഹമ്മദ് ഷാഫിയാണ്.ഷാഫിയുടെ ഉപദേശം കേട്ട് നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഭഗവല്‍ സിംഗും ഭാര്യ ലൈലയുമാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവല്‍ സിംഗിന്റെ വീട്ടില്‍വെച്ച് ഇവര്‍ മൂവരും ചേര്‍ന്ന് പൈശാചികമായി കൊലപ്പെടുത്തിയത്.
