നടി ആക്രമണക്കേസ്: മെമ്മറി കാര്‍ഡ് പരിശോധനയില്‍ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നിവേദനം

Top News

കൊച്ചി: നടി ആക്രമണക്കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സാംസ്കാരിക പ്രവര്‍ത്തകരുടെ നിവേദനം.സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും നീതിന്യായ സംവിധാനത്തിന്‍റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി കെ. അജിത, സാറാ ജോസഫ്, കെ.ആര്‍. മീര, കെ.കെ. രമ എം.എല്‍.എ തുടങ്ങി നൂറോളം പേരാണ് നിവേദനത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.
കോടതിയിലിരിക്കെ മെമ്മറി കാര്‍ഡ് മൂന്നുതവണ അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണക്കോടതി, ജില്ല സെഷന്‍സ് കോടതി എന്നിവിടങ്ങളില്‍വെച്ചാണ് പരിശോധന നടന്നത്.
ഈ സാഹചര്യത്തില്‍ അന്വേഷണം അനിവാര്യമാണെന്ന് നിവേദനത്തില്‍ പറയുന്നു. നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയവരെ ഉടന്‍ സര്‍വിസില്‍നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇത്തരം രേഖകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *