കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു.12 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ഇതില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയത്. നാല് പേരെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതില്‍ കോടതി കഴിഞ്ഞ ദിവസം ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അന്തിമ വിധി പ്രോസിക്യൂഷമന് അനുകൂലമാകുകയായിരുന്നു. കേസിലെ പ്രതിയായ നടന്‍ ദിലീപ് ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. വിചാരണ നടപടികള്‍ ബോധപൂര്‍വം നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്ന് ആരോപിച്ചായിരുന്നു ദിലീപിന്‍റെ വാദം.കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചതിനാല്‍ 10 ദിവസത്തിനകം പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ നടപടികള്‍ അനന്തമായി നീണ്ടുപോകാന്‍ പാടില്ലെന്ന നിരീക്ഷണത്തോടെയാണ് സര്‍ക്കാരിന് 10 ദിവസത്തെ സമയം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകള്‍ കോടതി വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷന്‍റെ ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്.