കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചിട്ടുണ്ടെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.വിചാരണ കോടതി അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്തെന്ന് അറിയിച്ചില്ലെന്നും പകര്‍പ്പ് കൈമാറിയില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ജനുവരി തുടക്കത്തില്‍ തന്നെ ഈ വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയായിരുന്നു.
വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അപകീര്‍ത്തികരമായ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറി എന്ന ഫോറന്‍സിക് കണ്ടെത്തലിന് പിന്നാലെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ജില്ലാ സെഷന്‍സ് ജഡ്ജിയെ നിയോഗിക്കുകയായിരുന്നു. മെമ്മറി കാര്‍ഡില്‍ നിയമവിരുദ്ധ പരിശോധന നടത്തിയത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നേരത്തെ വിചാരണ കോടതിക്കും കത്ത് നല്‍കിയിരുന്നു. കേസ് അന്വേഷണം നിതീ പൂര്‍വമായി നടത്തണമെന്നും ഫോണിന്‍റെ ഉടമയെ കണ്ടെത്തമെന്നുമായിരുന്നു കത്തിലെ ആവശ്യം.
തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് അന്വേഷണം നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്‍റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവമുണ്ടെന്നും അതിനാല്‍ നല്‍കാനാവില്ലെന്നുമാണ് അറിയിച്ചത്. തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.