നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു

Entertainment

ലണ്ടന്‍ : പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ (79) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം അദ്ദേഹത്തിന്‍റെ ഏജന്‍റ് ലൂ കൂള്‍സണ്‍ സ്ഥിരീകരിച്ചു.ശനിയാഴ്ച ലിവര്‍പൂള്‍ കോമിക് കോണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനിരുന്ന ഹില്‍ അവസാനനിമിഷം ഇതില്‍നിന്ന് പിന്‍മാറിയിരുന്നു. അവസാനം അഭിനയിച്ച ടിവി പരമ്പരയായ ദ റെസ്പോണ്ടര്‍ ഞായറാഴ്ച പ്രദര്‍ശനം തുടങ്ങിയ അവസരത്തിലാണ് ബെര്‍ണാര്‍ഡ് ഹില്ലിന്‍റെ മരണം സംഭവിച്ചത്.നിരവധി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ മനംകവര്‍ന്ന നടനായിരുന്നു ബെര്‍ണാര്‍ഡ് ഹില്‍. അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ഇതില്‍ സിനിമയ്ക്കുപുറമേ നാടകങ്ങളും ടിവി ഷോകളും ഉള്‍പ്പെടുന്നു. ലോര്‍ഡ് ഓഫ് ദ റിംഗ്സിലെ തിയഡന്‍ രാജാവ്, ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്ത് എന്നീ വേഷങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചവയായിരുന്നു. പതിനൊന്ന് ഓസ്കര്‍ പുരസ്കാരങ്ങള്‍ എന്ന റെക്കോര്‍ഡ് നേടിയ രണ്ടുചിത്രങ്ങളില്‍ അഭിനയിച്ച ഒരേയൊരു താരവും ഹില്‍ ആയിരുന്നു. ലോര്‍ഡ് ഓഫ് ദ റിംഗ്സും ടൈറ്റാനിക്കുമായിരുന്നു ആ ചിത്രങ്ങള്‍.
1944 ഡിസംബര്‍ 17-ന് മാഞ്ചസ്റ്ററിലായിരുന്നു ബെര്‍ണാര്‍ഡ് ഹില്ലിന്‍റെ ജനനം. 1975-ല്‍ പുറത്തിറങ്ങിയ ഇറ്റ് കുഡ് ഹാപ്പെന്‍ റ്റു യു ആണ് ആദ്യസിനിമ. 1976-ല്‍ ഗ്രാനഡ ടെലിവിഷന്‍ പരമ്പരയായ ക്രൗണ്‍ കോര്‍ട്ടിലും വേഷമിട്ടു. ബിബിസിക്കുവേണ്ടി അലന്‍ ബ്ലീസ്ഡെയ്ല്‍ ഒരുക്കിയ പ്ലേ ഫോര്‍ ടുഡേയിലെ യോസര്‍ ഹ്യൂ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തിയത്.
അമേരിക്കന്‍ സ്റ്റോപ് മോഷന്‍ അനിമേറ്റഡ് കോമഡി ഹൊറര്‍ ചിത്രമായ പാരാ നോര്‍മനില്‍ ഒരു ജഡ്ജിന്‍റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ബെര്‍ണാര്‍ഡ് ഹില്‍ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *