കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന് ശ്രീനാഥ് ഭാസിയെ വിലക്കിയ തീരുമാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്‍വലിച്ചു.
ഇന്നലെ കൊച്ചിയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് ശ്രീനാഥ് ഭാസിയ്ക്കെതിരായ അച്ചടക്ക നടപടിയില്‍ നിന്നും സംഘടന പിന്മാറിയത്. സംഭവത്തിന് പിന്നാലെ യൂട്യൂബ് ചാനല്‍ അവതാരക പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരാതി നല്‍കിയിരുന്നു ഇതിനെത്തുടര്‍ന്നാണ് നടന് വിലക്കേര്‍പ്പെടുത്തിയത്.എന്നാല്‍ കോടതിയ്ക്ക് പുറത്ത് ശ്രീനാഥ് ഭാസി അവതാരകയോട് മാപ്പ് പറയുകയും പ്രശ്നം ഒത്തുതീര്‍പ്പാകുകയും ചെയ്തതോടെ കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും രണ്ട് മാസമായി തുടരുന്ന വിലക്ക് പിന്‍വലിച്ചത്. മുന്‍പ് കൃത്യസമയത്ത് ഷൂട്ടിന് വരാത്തതടക്കം വിവിധ പരാതികള്‍ ശ്രീനാഥ് ഭാസിയ്ക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതികള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അവതാരകയോട് മോശമായി പെരുമാറിയ പരാതിയും എത്തിയത്. ഇതോടെയാണ് സംഘടന നടന് വിലക്ക് ഏര്‍പ്പെടുത്തിയത്.
‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് 21ന് കൊച്ചിയിലെ ആഡംബര ഹോട്ടലിലെ അടച്ചിട്ടമുറിയില്‍ ചിത്രീകരിച്ച അഭിമുഖത്തിനിടെ കാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറഞ്ഞെന്നും മോശമായി പെരുമാറിയെന്നതുമാണ് ശ്രീനാഥിനെതിരെയുണ്ടായ പരാതി. സംഭവത്തില്‍ അറസ്റ്റ് ചെയ്ത നടനെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.