നടന്നത് ഗൂഢാലോചന : ഇ.പി.ജയരാജന്‍

Kerala

കണ്ണൂര്‍: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തനിക്കെതിരെ ബി.ജെ.പി നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
വേട്ടയാടലാണ് നടക്കുന്നത്. ഇടതും വലതുമായ രാഷ്ട്രീയക്കാര്‍ ഇവിടെ വരാറുണ്ട്. ആരെങ്കിലും വന്നാല്‍ സംസാരിക്കാന്‍ ഇഷ്ടമല്ലെങ്കിലും ഇറങ്ങിപോകാന്‍ പറയാറില്ല. മാര്‍ച്ച് 5, 2023 ല്‍ പേരക്കുട്ടിയുടെ പിറന്നാള്‍ ദിവസമാണ് പ്രകാശ് ജാവദേക്കറും ദല്ലാള്‍ നന്ദകുമാറും എത്തിയത്. അപ്രതീക്ഷിതമായിരുന്നു വരവ്. ഇതിലേ പോകുന്ന അവസരത്തില്‍ കയറിയതാണെന്നും പരിചയപ്പെടാന്‍ കയറിയതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നോ നാലോ മിനിറ്റേ കൂടിക്കാഴ്ച്ച നടന്നുള്ളൂ. ഒന്നിച്ചാണ് ഇറങ്ങിയത്. ഇതാണ് സംഭവിച്ചത്. ഇ. പി.ജയരാജന്‍ വിശദീകരിച്ചു.
സംഭവിച്ചത് ഇതാണെന്നിരിക്കെ സി.പി.എം വിട്ട് താന്‍ ബി.ജെ.പിയാകാന്‍ പോകുന്നുവെന്ന തരത്തിലാണ് പ്രചാരണം നടത്തിയത്. മാധ്യമങ്ങള്‍ പരിശോധന നടത്തിയില്ല. ആസൂത്രിതമായാണ് തെരഞ്ഞെടുപ്പ് തലേദിവസം വാര്‍ത്ത പ്രചരിപ്പിച്ചത്. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും ചില മാധ്യമ മേധാവികളും അറിഞ്ഞുകൊണ്ടാണ് ഇത് ചെയ്തതെന്നും ഇ.പി. ജയരാജന്‍ ആവര്‍ത്തിച്ചു.
ശോഭാ സുരേന്ദ്രനുമായി പരിചയമില്ല. അങ്ങനെയൊരാള്‍ എന്തെങ്കിലും ആരോപിക്കുമ്പോള്‍ സത്യത്തിന്‍റെ അംശം പരിശോധിക്കാതെ വാര്‍ത്ത നല്‍കുകയാണോ വേണ്ടത്. സമരത്തിനല്ലാതെ ഈയടുത്തൊന്നും ഡല്‍ഹി സന്ദര്‍ശനം നടത്തിയിട്ടില്ല. സത്യമുള്ള വാര്‍ത്തകള്‍ കൊടുത്തോളൂ. ഒരാളെ കാണുമ്പോള്‍ മാറുന്നതല്ല എന്‍റെ രാഷ്ട്രീയം. പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നത്.വിവാദത്തിലെ മുഖ്യമന്ത്രിയുടെ ഉപദേശം രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നു. സമൂഹത്തിനാകെയാണ് ആ ഉപദേശം. ഇ.പി.ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *