കോട്ടയം : പ്രശസ്ത സിനിമാ നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രന് അന്തരിച്ചു. 69 വയസ്സായിരുന്നു.തിരക്കഥാകൃത്ത്, നാടക സിനിമാ സംവിധായകന്, നാടക രചയിതാവ്, അധ്യാപകന്, അഭിനേതാവ്, നിരൂപകന് തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന് വലിയൊരു ശിഷ്യ സമൂഹമുണ്ട്.വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും സ്നേഹപൂര്‍വം ബാലേട്ടന് എന്നാണ് വിളിച്ചിരുന്നത്.കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനനം. അച്ഛന് പരേതനായ പത്മനാഭപിള്ള. അമ്മ സരസ്വതിഭായി.ഭാര്യ: വൈക്കം നഗരസഭ മുന്‍ അധ്യക്ഷ ശ്രീലത ചന്ദ്രന്. മക്കള്‍: ശ്രീകാന്ത് ചന്ദ്രന്, പാര്‍വതി ചന്ദ്രന്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം നേടിയ’ ഇവന് മേഘരൂപന്‍’ എഴുതി സംവിധാനം ചെയ്തു. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാല്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
മകുടി, പാവം ഉസ്മാന്, മായാസീതാങ്കം, കല്യാണ സൗഗന്ധികം, മാറാമറയാട്ടം, തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.