തിരൂര്‍:ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ തിരൂരില്‍ വ്യാപാരികള്‍ക്ക് ഭീഷണിയായി വളര്‍ന്നുവരുന്ന അനധികൃതമായ തെരുവ് വ്യാപാരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട തിരൂര്‍ നഗരസഭയുടെ നിസ്സംഗതക്കെതിരെ തിരൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. ഇന്ന് രാവിലെ 10 മണിക്ക് വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ച് പ്രസിഡന്‍റ് പി.എ.ബാവ ഉദ്ഘാടനം ചെയ്യും.ചെറിയ സാങ്കേതികത്വത്തിന്‍റെ പേരില്‍ വ്യാപാരികള്‍ക്ക് കനത്ത പിഴ ചുമത്തുന്നതില്‍ മത്സരിക്കുന്ന നഗരസഭയുടെ വ്യാപാര വിരുദ്ധ സമീപനവും ഉദ്യോഗസ്ഥ പീഡനവും അവസാനിപ്പിക്കണം.
എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും , കവറുകളും തെരവുവ്യാപാരത്തില്‍ നിര്‍ലോഭം ഉപയോഗിക്കുന്നതു കാണാതെ , വ്യാപാരികളുടെ പേരിലുള്ള ശിക്ഷാനടപടികളും പിഴകളും അനുവദിക്കാന്‍ പറ്റില്ല. ഗള്‍ഫ് മാര്‍ക്കറ്റ് റോഡിന്‍റെ ഇരുവശവും കയ്യേറി ആ ഭാഗത്തെ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനോ സഞ്ചരിക്കാനൊ സാധിക്കാതെ കയ്യടക്കിയിരിക്കുകയാണെന്നും വ്യാപാരികള്‍ ആരോപിച്ചു.