റായ്പൂര്‍: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ നക്സലൈറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ മലയാളിയുള്‍പ്പെടെ രണ്ടു ജവാന്മാര്‍ക്കു വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് പൊട്ടന്‍ചിറ ഫാം ജംക്ഷനില്‍ ആര്‍.വിഷ്ണു (35), കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്ര (29) എന്നീ കമാന്‍ഡോകളാണ് കൊല്ലപ്പെട്ടത്. ഏതാനും സൈനികര്‍ക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. സിആര്‍പിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ ജവാന്മാരാണ്.ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ തിമ്മപുരം ഗ്രാമത്തിലെ തേകല്‍ഗുഡേം സൈനിക ക്യാംപിനും സിലഗെറിനും ഇടയിലാണ് സംഭവം. സൈനികര്‍ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയില്‍ നക്സലൈറ്റുകള്‍ സ്ഥാപിച്ച കുഴിബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആഴ്ചതോറുമുള്ള റേഷന്‍ വാങ്ങാനായി പോകുകയായിരുന്നു സൈനികര്‍. ട്രക്കിലും മോട്ടര്‍ സൈക്കിളിലുമായാണ് സൈനികര്‍ സഞ്ചരിച്ചിരുന്നത്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സൈനികരുടെ മൃതദേഹങ്ങള്‍ വനമേഖലയില്‍നിന്നു മാറ്റിയതായും പൊലീസ് അറിയിച്ചു