കാബൂള്‍: റഷ്യയോടൊപ്പം അഫ്ഗാന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ ചൈനയെയും പ്രധാന പങ്കാളിയായി കാണുന്നതായി താലിബാന്‍. ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപബ്ളിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താലിബാന്‍ വക്താവ് സഹീബുളള മുജാഹിദ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനില്‍ താലിബാനെ ആദ്യമായി അംഗീകരിച്ച രാജ്യം ചൈനയാണ്.
അഫ്ഗാന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകാന്‍ ചൈനീസ് സഹായത്തോടെ സാധിക്കും. അഫ്ഗാനില്‍ നിക്ഷേപം നടത്താനും ചൈന സന്നദ്ധമാണ്. പുരാതന പട്ടുപാതയെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന പ്രഖ്യാപിച്ചിരിക്കുന്ന ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയിലൂടെ രാജ്യത്തിന്‍റെ വികസനവും നടക്കുമെന്നതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നതായും താലിബാന്‍ അറിയിച്ചു.
ധാരാളം ചെമ്ബ് ശേഖരമുളള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ചെമ്ബ് ഖനികളുടെ നവീകരണം ചൈനീസ് സഹകരണത്തോടെ നടത്താമെന്നും ഇതുവഴി രാജ്യാന്തര വിപണിയില്‍ സാന്നിദ്ധ്യമാകാനുമാണ് താലിബാന്‍റെ ശ്രമം. മുന്‍പ് ഇന്ത്യയുമായും നല്ല ബന്ധം ആഗ്രഹിക്കുന്നതായും അഫ്ഗാന് അനുകൂലമായ നിലപാട് ഇന്ത്യയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അഫ്ഗാന്‍ മണ്ണ് ആരും ഉപയോഗിക്കരുതെന്ന ആഗ്രഹമാണ് ഇന്ത്യയ്ക്കുളളതെന്നാണ് ഇന്ത്യ താലിബാനെ അറിയിച്ചിരിക്കുന്നത്.