ധീര ജവാന്‍ മുഹമ്മദ് സൈജലിന് നാടിന്‍റെ അന്ത്യാഞ്ജലി

Latest News

പരപ്പനങ്ങാടി: പട്ടാള സേവന ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ലഡാക്കില്‍ വെച്ച് സൈനിക ട്രക്ക് മറിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം വീരമൃത്യു വരിച്ച പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സൈജലിന് സൈനിക ബഹുമതികളോടെ ജന്മ നാട്ടില്‍ അന്ത്യവിശ്രമം.അങ്ങാടി ജുമ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്ക് ഖബറടക്കിയത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൈനിക ബഹുമതികളോടെ ബന്ധുക്കളും നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങിയ ഭൗതിക ശരീരം സൈജല്‍ ഉന്നത വിദ്യഭ്യാസം നേടിയ തിരൂരങ്ങാമ്പസിലും ശേഷം പരപ്പനങ്ങാടി എസ്.എന്‍.എം ഹയര്‍ സെക്കണ്ടറി സ്കൂളിലും പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് കെ.പി.എച്ച് റോഡിലെ കുളത്തിനടുത്തെ വീട്ടു പരിസരത്ത് പൊതു ദര്‍ശനവും ഔദ്യോഗിക സൈനിക നടപടികളും പൂര്‍ത്തിയാക്കി.പരപ്പനങ്ങാടി എസ്.എന്‍.എം. ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന മയ്യത്ത് നമസ്ക്കാരത്തിന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. നൂറു കണക്കിന് സംഘടനകള്‍ റീത്ത് സമര്‍പ്പിക്കുകയും അന്ത്യാഭിവാദ്യം നേരുകയും ചെയ്തു.മന്ത്രി വി. അബ്ദുറഹിമാന്‍ മാതാവിനെയും പറക്കമുറ്റാത്ത മക്കളെയും സന്ദര്‍ശിച്ച് സമാശ്വാസിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുള്ള ആശ്വാസ പ്രഖ്യാപനങ്ങള്‍ കലക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം ആലോചിക്കാമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *