തിരുവനന്തപുരം : ജീവത്യാഗം ചെയ്തും പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടും മാതൃഭൂമിയെ സംരക്ഷിച്ചുപോരുന്ന ധീരജവാന്മാരുടെ ജീവിതങ്ങള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പില്‍ ഗാലന്‍ററി അവാര്‍ഡുകള്‍ നേടിയ പട്ടാളക്കാരെയും സൈനിക നടപടികളില്‍ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ ബന്ധുക്കളേയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കയായിരുന്നു അദ്ദേഹം.മാതൃഭൂമി സംരക്ഷിക്കുന്നതിനായി സ്വജീവന്‍ ബലിയര്‍പ്പിച്ച സേനാംഗങ്ങളോട് രാജ്യവും ജനങ്ങളും എക്കാലവും കടപ്പെട്ടിരിക്കുന്നു. വൈവിധ്യമാണ് നമ്മുടെ രാഷ്ട്രത്തിന്‍റെ പ്രത്യേകത. ആ വൈവിധ്യങ്ങള്‍ക്കിടയിലും ഒന്നിച്ചു നില്‍ക്കുന്നതാണ് ഇന്ത്യയുടെ ശക്തിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
26 പേര്‍ക്ക് മുഖ്യമന്ത്രി പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ ശൗര്യചക്ര പുരസ്ക്കാരം നല്‍കി രാഷ്ട്രം ആദരിച്ചവരും ഉള്‍പ്പെടും. രാജ്യരക്ഷാ പ്രവര്‍ത്തനത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കുള്ള പുരസ്ക്കാരം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
പാങ്ങോട് സൈനിക ക്യാമ്പ് സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ ചടങ്ങില്‍ സംസാരിച്ചു.
സായുധ സേനയുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കിയതിന് ബ്രിഗേഡിയര്‍ ലളിത് ശര്‍മ മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.
നേരത്തെ സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചു. പാങ്ങോട് സ്റ്റേഡിയത്തില്‍ മാറാഠ റജിമെന്‍റ് അവതരിപ്പിച്ച കലാപരിപാടികള്‍ (ജാന്‍ജി പഥക്, മല്‍ക്കമ്പ്), സൈനിക ബാന്‍ഡ് പ്രദര്‍ശനം തുടങ്ങിയവ അരങ്ങേറി.