കോഴിക്കോട്: ഇന്ത്യയില്‍ നിന്നുള്ള ചെറുകിട സംരംഭകര്‍ക്ക് (എം.എസ്.എം.ഇ.) ഇരുന്നൂറിലേറെ രാജ്യങ്ങളിലുള്ള ആമസോണ്‍ ഉപഭോക്താക്കള്‍ക്കു മുന്നില്‍ വില്‍പന നടത്താന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യവുമായി ആമസോണും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡും (ഡി.ജി.എഫ്.ടി.) ധാരണാപത്രം ഒപ്പുവെച്ചു. അഡീഷണല്‍ സെക്രട്ടറിയും ഡി.ജി.എഫ്.ടി ഡയറക്ടര്‍ ജനറലുമായ സന്തോഷ് സാരംഗി, ആമസോണ്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്‍റ് ചേതന്‍ കൃഷ്ണസ്വാമി, ആമസോണ്‍ ഇന്ത്യ ഡയറക്ടര്‍, ഗ്ലോബല്‍ ട്രേഡ് ഭൂപന്‍ വകാന്‍കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പു വെച്ചത്. രാജ്യത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭകരുടെ ശേഷി വര്‍ധിപ്പിക്കാനുള്ള പരിശീലനവും ശില്‍പശാലകളും ഇതിന്‍റെ ഭാഗമായി 75 ജില്ലകളില്‍ നടത്തും.