.കേരളത്തിലെ സാമ്പത്തികപ്രതിസന്ധി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിനെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പ്രതിസന്ധിക്ക് കാരണം ധനവിനിയോഗത്തിലെ പിടിപ്പുകേടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ ആകില്ലെന്നും കേരളത്തിന്‍റെ ഹര്‍ജിയില്‍ കേന്ദ്രം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.കേരളത്തിന്‍റേത് അതീവ മോശം ധന മാനേജമെന്‍റ് എന്നാണ് കേന്ദ്രം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിമര്‍ശനം. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിനേക്കാളും തുക കേരളത്തിന് കൈമാറിയിട്ടുണ്ട്. കിഫ്ബിക്ക് സ്വന്തമായ വരുമാന സ്രോതസ്സ് ഇല്ലെന്നും കേന്ദ്രം ആരോപിച്ചു. രാജ്യത്ത് ഏറ്റവും അധികം കടമെടുപ്പുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.
കഴിഞ്ഞതവണ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ കേരളത്തില്‍ നിലവില്‍ അടിയന്തര സാഹചര്യമൊന്നുമില്ലെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ അറിയിച്ചത്. ഇടക്കാല ഉത്തരവ് തേടിയുള്ള ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്നായിരുന്നു ഒരാഴ്ചയ്ക്കകം വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടത്. ഹര്‍ജി ഉടന്‍ പരിഗണിക്കണം എന്ന ആവശ്യം കേരളം ഉന്നയിച്ചതോടെ ഈ മാസം 13ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമാണ് ഹര്‍ജിയിലൂടെ സംസ്ഥാനം ഉന്നയിക്കുന്നത്.