. മന്ത്രിയുടെ പ്രസംഗം തന്നെ അപമാനിച്ചുവെന്നും, ധനമന്ത്രിയില്‍ തനിക്കുള്ള പ്രീതി നഷ്ടമായെന്നും ഗവര്‍ണര്‍
. പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ല, ധനമന്ത്രിയെ നീക്കില്ലെന്ന് മുഖ്യമന്ത്രി
. അഭിപ്രായം പറയുന്നില്ലെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍
തിരുവനന്തപുരം:സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഭാഗത്തുനിന്ന് വീണ്ടും മറ്റൊരു അസാധാരണ നടപടി.ധനമന്ത്രി കെ. എന്‍ ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
ധനമന്ത്രിയുടെ ഒരു പ്രസംഗമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസംഗം തന്നെ അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. കേരളത്തിലെയും ഉത്തരേന്ത്യയിലെയും സര്‍വകലാശാലകളെ താരതമ്യംചെയ്തു മന്ത്രി സംസാരിച്ചിരുന്നു.രാജ്യത്തിന്‍റെ ഐക്യത്തെ ചോദ്യംചെയ്യുന്ന പ്രസംഗമാണ് ധനമന്ത്രി നടത്തിയതെന്നും പ്രാദേശികവാദം ആളിക്കത്തിക്കാന്‍ ശ്രമിച്ചുവെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഗവര്‍ണര്‍ ആരോപിച്ചു. ധനമന്ത്രിയില്‍ തനിക്കുള്ള പ്രീതി നഷ്ടമായെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
അതേസമയം ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. മന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ല. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കേണ്ട ഒരു സാഹചര്യവു മില്ല, അതുകൊണ്ടുതന്നെ ഒരു കാരണവശാലും ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.അതിനിടെ തനിക്കെതിരെ നടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയില്‍ അഭിപ്രായം പറയുന്നില്ലെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍. താന്‍ കത്തു കണ്ടിട്ടില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കാണ് കത്തയച്ചത്. മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് മന്ത്രി പ്രതികരിച്ചു. ഇന്ത്യയില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഗവര്‍ണര്‍ ഡല്‍ഹിലാണുള്ളത്. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം അദ്ദേഹത്തിന്‍റെ അടുത്ത നീക്കം എന്താണെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.