തിരുവനന്തപുരം: ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്‍റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്‍റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കുന്ന കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടു. മതവിഭാഗങ്ങള്‍ സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തില്‍ വിഭാഗീയ പ്രവണതക്ക് ദൂരദര്‍ശന്‍ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനില്‍ക്കരുത്. ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് ചിത്രം സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. സി.പി.എം സെക്രട്ടറിയേറ്റ് പറഞ്ഞു.