മാനന്തവാടി: ബേലൂര്‍ മഖ്നയെന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യ സംഘത്തിലേക്ക് വെറ്ററിനറി ഡോക്ടറും മയക്കുവെടി വെക്കുന്നതില്‍ വിദഗ്ധനുമായ അരുണ്‍ സക്കറിയയും എത്തിയേക്കും. അരുണ്‍ സക്കറിയയെ കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും ഇക്കാര്യം മൃഗസംരക്ഷണ വകുപ്പുമായി ചര്‍ച്ച നടത്തുമെന്നും വനംമന്ത്രി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മഖ്നയെ പിടിക്കുന്ന ദൗത്യം അവസാനിപ്പിക്കാന്‍ സമയമായിട്ടില്ല. ദൗത്യസംഘത്തിന്‍റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും. മയക്കുവെടി വയ്ക്കുന്നതിന് കാലതാമസം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മിഷന്‍ ബേലൂര്‍ മഖ്നയുടെ ഭാഗമാകാന്‍ കര്‍ണാടകയില്‍ നിന്നുള്ള ദൗത്യസംഘവും വയനാട്ടിലെത്തി. കര്‍ണാടക വനംവകുപ്പിന്‍റെ 22അംഗ സംഘമാണ് എത്തിയത്. വെറ്ററിനറി ഡോക്ടര്‍, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ട്. നേരത്തെ ബേലൂര്‍ മഖ്ന യെ കര്‍ണാടകയില്‍ വെച്ച് മയക്കുവെടി വെച്ച് പിടികൂടിയ സംഘമാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ദൗത്യം ദുഷ്കരമായി തുടരുന്ന സാഹചര്യത്തിലാണ് കര്‍ണാടക സംഘവും കേരളത്തില്‍ നിന്നുള്ള ദൗത്യസംഘത്തിനൊപ്പം ചേരുന്നത്.
കാട്ടാന വനത്തിലൂടെ നിര്‍ത്താതെ നീങ്ങുന്നതും കുന്നിന്‍ചെരുവിലേക്ക് കയറുന്നതുമാണ് നിലവില്‍ ദൗത്യത്തിന് തിരിച്ചടിയാവുന്നത്. നിലവില്‍ മാനിവയല്‍ അമ്മക്കാവ് വനത്തിലാണ് ആന. മറ്റൊരു മോഴയാനയോടൊപ്പമാണ് സഞ്ചാരം. ഈ മോഴയാന അക്രമകാരിയാണെന്നതാണ് പ്രതികൂലമായ മറ്റൊരു ഘടകം. കാട്ടാനയെ ട്രാക്ക് ചെയ്ത വനത്തില്‍ പുലിയുടെ സാന്നിധ്യമുള്ളതും ദൗത്യത്തിന് വെല്ലുവിളിയാണ്.