പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി.മലമ്പുഴ ചെറാട് സ്വദേശി ആര്. ബാബു (23) വിനെ ശ്രമകരമായ ദൗത്യത്തിനു ശേഷം സൈന്യം ചെറാട് കുമ്പാച്ചിമലയുടെ മുകള്‍ത്തട്ടില്‍ എത്തിച്ചു. ഇനി ഇവിടെനിന്ന് ബാബുവുമായി ദൗത്യസംഘം മലയിറങ്ങും.ദീര്‍ഘമായ 48 മണിക്കൂറിനു ശേഷം ബാബുവിന് അടുത്തേക്ക് എത്തിയ കരസേനയുടെ ദൗത്യസംഘാംഗം ആദ്യം അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും മരുന്നും നല്കി.
അതിനു ശേഷം തന്റെ ശരീരത്തോട് ബാബുവിനെ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചു. പിന്നീട് ഇരുവരും വടത്തില്‍ മുകളിലേക്ക് കയറിത്തുടങ്ങി.മലയുടെ മുകളില്‍ നിലയുറപ്പിച്ച ദൗത്യസംഘം ഇരുവരെയും മുകളിലേക്ക് വലിച്ച് ഉയര്‍ത്തുകയാണ് ചെയ്തത്. ഒരു ഘട്ടത്തില്‍ മലയുടെ മുകളില്‍നിന്ന് മറ്റൊരു ദൗത്യസംഘാംഗവും വടത്തില്‍ താഴേയ്ക്ക് ഇവരെ സഹായിക്കാന്‍ ഇറങ്ങിവന്നു.
പിന്നീട് മൂവരും ചേര്‍ന്നാണ് മലകയറിയത്. ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ തന്നെ ബാബുവുമായി മലകയറി എത്താന്‍ ദൗത്യസംഘത്തിനായി. മലമുകളില്‍ എത്തിയ ശേഷം സൈന്യം ബാബുവിന് പ്രഥമശുശ്രൂഷ നല്കി. പാറയില്‍ വീണ് ബാബുവിന്റെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
രാത്രി വൈകിയാണ് കരസേന സംഘം മലമ്പുഴയില്‍ എത്തിയത്. രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ഇവര്‍ ആരംഭിക്കുകയും ചെയ്തു.
പുലര്‍ച്ചയോടെ രക്ഷാസംഘത്തിലെ ഒരാള്‍ ബാബുവിന് അടുത്തെത്തി ആത്മവിശ്വാസം പകര്‍ന്നു. മലയുടെ താഴ്ഭാഗത്തുനിന്നും കയറിവന്ന സംഘാംഗത്തിന് ബാബുവുമായി മുകളിലേക്ക് കയറാന്‍ കഴിയില്ലെന്ന് മനസിലായി. ഇതോടെ മറ്റൊരു ഭാഗത്തുകൂടി മലയുടെ മകളിലെത്തിയ ശേഷം താഴേയ്ക്കു കയറിട്ട് ഇറങ്ങുകയായിരുന്നു. പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നതാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞത്.ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പാറക്കെട്ടിനു സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങിപ്പോയിരുന്നു. ചെങ്കുത്തായ കുമ്പാച്ചി മലയിലാണ് ബാബു കുടുങ്ങിയത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റുമൂലം യുവാവിന്റെ അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല.
ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെടുമ്പോഴും പ്രാര്‍ഥനയോടെ മലയുടെ അടിവാരത്തു കാത്തി രിക്കുകയായിരുന്നു നാട്ടുകാരും ബാബുവിന്റെ സുഹൃത്തുക്കളും.തിങ്കളാഴ്ച രാത്രിയോടെ പോലീസും ദുരന്തനിവാരണ സേനയും ഫോറസ്റ്റ്, ഫയര്‍ഫോഴ്സ് അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോകാന്‍ സാധിച്ചില്ല.
അതോടെ രാത്രി മലമുകളില്‍തന്നെ സംഘം ക്യാമ്പുചെയ്യുകയാണ്. വന്യമൃഗങ്ങള്‍ വരാതിരിക്കാന്‍ തീപ്പന്തങ്ങളും മറ്റും ഉപയോഗിച്ചാണ് സുരക്ഷയൊരുക്കുന്നത്.വടം ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്കു ചെന്നെത്താനായിരുന്നു ആദ്യശ്രമം. എന്നാല്‍ ചെങ്കുത്തായ മലയായതിനാല്‍ വടം കെട്ടാനോ താ ഴേക്ക് ഇറങ്ങാനോ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു. നേവിയുടെ സഹായത്തോടെ ഹെലികോപ്റ്റര്‍ എത്തിച്ച് എയര്‍ ലിഫ്റ്റ് ചെയ്യാനായി അടുത്ത നീക്കം. ജില്ലാ കളക്ടര്‍ ഇടപെട്ട് ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു.ഉച്ചയോടെ ഹെലികോപ്റ്റര്‍ എത്തി. എന്നാല്‍ മലമുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം ഹെലികോ പ്റ്റര്‍ മടങ്ങി. ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് മലകയറിയത്. ഇതിനിടയിലാണ് ബാബു കാല്‍വഴുതി കൊക്കയിലേക്കു വീണത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വടിയും മറ്റും ഇട്ടുകൊടുത്തു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ മല ഇറങ്ങിയശേഷം പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. വീഴ്ചയില്‍ ബാബുവിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്. കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഹെലികോപ്റ്ററിലെ രക്ഷാപ്രവര് ത്തകര്‍ക്കു ഷര്‍ട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു.
