ന്യൂഡല്‍ഹി: പ്രതിപക്ഷ പൊതു സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി രാജ്യത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെണ്ണലിന്‍റെ മൂന്നാം റൗണ്ട് അവസാനിച്ചപ്പോള്‍ തന്നെ വിജയിക്കാന്‍ ആവശ്യമായ 50 ശതമാനത്തിലധികം വോട്ടുകള്‍ നേടാന്‍ മുര്‍മുവിന് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി,കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ദ്രൗപതിമുര്‍മുവിനെ അഭിനന്ദിച്ചു. പ്രധാനമന്ത്രി മോദി നേരിട്ടെത്തിയാണ് അഭിനന്ദനം അറിയിച്ചത്.ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്ര വംശജയുമാണ് ആണ് ദ്രൗപദി മുര്‍മു.
രാജ്യത്തിന്‍റെ ചരിത്ര മുഹൂര്‍ത്തമാണ് മുര്‍മുവിന്‍റെ വിജയം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിന് 2,824 വോട്ടുകളും പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ യ്ക്ക്1,877 വോട്ടുകളുമാണ് ലഭിച്ചത.് 1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് മുര്‍മുവിന്‍റെ ജനനം. ജാര്‍ഖണ്ഡിന്‍റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് സ്കൂള്‍ അധ്യാപികയായിരുന്നു. റായിരംഗ് പൂരിലെ ശ്രീ അരബിന്ദോ ഇന്‍റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്‍റ് പ്രൊഫസറായും ഒഡീഷ സര്‍ക്കാരിന്‍റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്‍റായും ജോലി ചെയ്തു.
1997 ല്‍ ബിജെപിയില്‍ ചേര്‍ന്ന മുര്‍മു റായ് രംഗ്പൂര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2000-ല്‍ റായ്രംഗ്പൂര്‍ നഗര്‍ പഞ്ചായത്തിന്‍റെ ചെയര്‍പേഴ്സണായി. ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്‍റായും അവര്‍ സേവനമനുഷ്ഠിച്ചു.
2000 മുതല്‍ 2004 വരെ ഒഡീഷയിലെ റായ് രംഗ്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു.
2000 മാര്‍ച്ച് ആറു മുതല്‍ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായി . 2002 ഓഗസ്റ്റ് ആറു മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്സസ് ഡവലപ്മെന്‍റ് മന്ത്രി.2007-ല്‍ ഒഡീഷ ലെജിസ്ലേറ്റീവ് അസംബ്ലി അവര്‍ക്ക് മികച്ച എംഎല്‍എക്കുള്ള നീലകണ്ഠ അവാര്‍ഡ് നല്‍കി ആദരിച്ചു.
വ്യക്തിജീവിതത്തില്‍ നിരവധി നഷ്ടങ്ങള്‍ മുര്‍മുവിനെ ഉലച്ചു. 2014 ല്‍ ഭര്‍ത്താവ് ശ്യം ചരും മുര്‍മു അന്തരിച്ചു. 2009ല്‍ മകന്‍ ലക്ഷ്മണ്‍ മുര്‍മു ദുരൂഹസാഹചര്യത്തില്‍ മരിച്ചു 2012 ല്‍ ഇളയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു. മകള്‍ ഇതി ശ്രീമുര്‍മു ബാങ്ക് ഉദ്യോഗസ്ഥയാണ്. കുട്ടിക്കാലം മുതല്‍ക്കുതന്നെ വെല്ലുവിളി നിറഞ്ഞ ജീവിതത്തോട് പടപൊരുതിയാണ് അവര്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിയത്.