. 2021-ലെ അവാര്‍ഡാണ് പ്രഖ്യാപിച്ചത്
. ഇന്ദ്രന്‍സിന് ജൂറി പുരസ്ക്കാരം
. മികച്ച നവാഗത സംവിധായകനും തിരക്കഥാകൃത്തിനും പുരസ്കാരം മലയാളത്തില്‍ നിന്ന്
ന്യൂഡല്‍ഹി:അറുപത്തിയൊന്‍പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുഷ്പ സിനിമയിലെ അഭിനയത്തിന് അല്ലു അര്‍ജുന്‍ മികച്ചനടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയ്ക്കുള്ള പുരസ്കാരം ആലിയ ഭട്ടും (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോണ്‍ (മിമി) എന്നിവര്‍ പങ്കിട്ടു. മികച്ച സംവിധായകന്‍ നിഖില്‍ മഹാജന്‍ (മറാഠി ചിത്രം: ഗോദാവരി). മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹനടനുള്ള പുരസ്കാരവും കശ്മീര്‍ ഫയല്‍സിലൂടെ പല്ലവി ജോഷി സഹനടിക്കുള്ള പുരസ്കാരവും നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാന്‍ ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ സ്വന്തമാക്കി. മാധവന്‍ സംവിധായകനും നായകനായുമെത്തിയ ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം. ഹോം സിനിമയിലൂടെ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ആണ്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത കണ്ടിട്ടുണ്ട് സ്വന്തമാക്കി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം ചവിട്ട് എന്ന മലയാള ചിത്രം സ്വന്തമാക്കി. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീര്‍ നേടി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം നേടി. സര്‍ദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 2021ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനു പരിഗണിച്ചത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം. 24 ഭാഷകളില്‍ നിന്നായി 280 സിനിമകളാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിച്ചത്
എസ്.എസ് രാജമൗലി ഒരുക്കിയ ആര്‍.ആര്‍.ആര്‍ നിരവധി പുരസ്കാരങ്ങളാണ് നേടിയത്. മികച്ച കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി ആര്‍.ആര്‍.ആര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഇതേ ചിത്രത്തിന് സംഗീതമൊരുക്കിയ കീരവാണിക്കാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ്. മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി അവാര്‍ഡ് ആര്‍.ആര്‍.ആറിലൂടെ കിംഗ് സോളമന് ലഭിച്ചപ്പോള്‍ ഇതിലെ ‘കൊമരം ഭീമുഡോ’ പാടിയ കാലഭൈരവ മികച്ച ഗായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഇരവിന്‍ നിഴല്‍ എന്ന തെലുങ്ക് ചിത്രത്തിലെ ‘മായാവാ ഛായാവാ’ എന്ന ഗാനം ആലപിച്ച ശ്രേയാ ഘോഷാല്‍ ആണ് മികച്ച ഗായിക. മികച്ച സംഗീതസംവിധാനം ദേവി ശ്രീ പ്രസാദ് (പുഷ്പ)