കൊച്ചി: ദേവികുളം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി പത്ത് ദിവസത്തേക്കാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്.ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരു മാസം സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പി. സോമരാജന്‍റെ ഉത്തരവ്. ഇതേ ബെഞ്ചാണ് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പരമാവധി 10 ദിവസത്തേക്കോ അതിന് മുമ്പ് അപ്പീല്‍ സമര്‍പ്പിക്കുന്നത് വരെയോ ആണ് ഇടക്കാല സ്റ്റേ.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ക്രിസ്തുമതത്തില്‍ ഉള്‍പ്പെട്ട വ്യക്തിയെന്ന നിലയില്‍ പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്ന് വിലയിരുത്തിയാണ് കഴിഞ്ഞ ദിവസം എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കിയത്. എന്നാല്‍, ഉത്തരവിന് സ്റ്റേ അനുവദിച്ചിരുന്നില്ല.
പട്ടിക ജാതി സംവരണത്തിന് നിലവിലെ എം.എല്‍.എ എ. രാജക്ക് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി ഡി. കുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. പട്ടിക ജാതി സംവരണ മണ്ഡലത്തില്‍നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റിന്‍റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു ഹരജിയുടെ പ്രധാന ഭാഗം.
ഹരജിയോടൊപ്പം സമര്‍പ്പിച്ച രേഖകളാണ് തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുന്ന വിധിയിലേക്ക് നയിച്ചത്. എ. രാജ ക്രിസ്ത്യാനിയാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാനും കേസിനെ സ്വാധീനിക്കാനും സി.എസ്.ഐ പള്ളി രജിസ്റ്ററുകളില്‍ വ്യാപക തിരുത്തല്‍ വരുത്തിയെന്ന് ഹൈകോടതി കണ്ടെത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ അനുമതിയോടെയാണ് എ.രാജ സുപ്രിംകോടതിയില്‍ നിയമ നടപടികളിലേക്ക് നീങ്ങുന്നത്.