ദേവകി നിലയങ്ങോട് അന്തരിച്ചു

Latest News

തൃശൂര്‍: സാമൂഹിക പരിഷ്കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തൃശൂരിലെ വസതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12: 15 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകയായിരുന്നു. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ അവര്‍ പോരാടി.
1928 ല്‍ എടപ്പാളിനടുത്ത് പകരാവൂര്‍ മനയ്ക്കലാണ് ജനിച്ചത്. നിലയങ്ങോട് മനയ്ക്കല്‍ പരേതനായ രവി നമ്പൂതിരിപ്പാടാണ് ഭര്‍ത്താവ്. അച്ഛന്‍ കൃഷ്ണന്‍ സോമയാജിപ്പാട്. അമ്മ കാറല്‍മണ്ണ നരിപ്പറ്റ മനക്കല്‍ ദേവകി അന്തര്‍ജനം.പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റെ സഹോദരിയാണ്. കഴിഞ്ഞയാഴ്ചയാണ് ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചത്.
75ാം വയസിലാണ് ദേവകി നിലയങ്ങോട് എഴുത്ത് ആരംഭിച്ചത്. 70 വര്‍ഷം മുമ്പുള്ള സമുദായ ജീവിതത്തിലെ കൗതുകങ്ങളും വൈചിത്ര്യങ്ങളും ആചാരങ്ങളും പകര്‍ത്തി എഴുതി. അനുഭവങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
നഷ്ടബോധങ്ങളില്ലാതെ,യാത്ര കാട്ടിലും നാട്ടിലും, വാതില്‍ പുറപ്പാട് എന്നിവയാണ് പ്രധാന കൃതികള്‍. ഇവ ഒറ്റപ്പുസ്തകമാക്കി കാലപ്പകര്‍ച്ച എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് കാലപ്പകര്‍ച്ച ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.
1948-ല്‍ ലക്കിടി ചെറാമംഗലത്ത് മനക്കല്‍ അന്തര്‍ജനങ്ങളൂടെ കൂട്ടായ്മയില്‍ നിന്നും പിറന്ന തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന നാടകത്തിന്‍റെ നേതൃത്വം വഹിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു.
മക്കള്‍: സതീശന്‍ (എരുമപ്പെട്ടി) ചന്ദ്രിക (റിട്ട. അധ്യാപിക, തൃശൂര്‍), കൃഷ്ണന്‍ (മുംബൈ), ഗംഗാധരന്‍ (കേരള സര്‍വകലാശാല, തിരുവനന്തപുരം), ഹരിദാസ്. (എയര്‍പോര്‍ട്ട്, തിരുവനന്തപുരം), ഗീത (ബംഗളൂരു). മരുമക്കള്‍: അജിത (സംഗീത അധ്യാപിക, ഗവ. ഹൈസ്കൂള്‍, അവണൂര്‍), പരേതനായ രവീന്ദ്രന്‍ (ചിന്ത രവി-ചലച്ചിത്ര സംവിധായകന്‍), മായ (അധ്യാപിക, മുംബൈ), ഗീത (എല്‍ഐസി, തിരുവനന്തപുരം), ഹേമലത (പാസ്പോര്‍ട്ട് ഓഫീസ്, തിരുവനന്തപുരം), വാസുദേവന്‍ (എന്‍ജിനിയര്‍, ബംഗളൂരു).

Leave a Reply

Your email address will not be published. Required fields are marked *