ദുരിതാശ്വാസനിധി: തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം: ദുരിതാശ്വാസനിധിയില്‍ ക്രമക്കേട് നടത്തുന്ന തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്തും. തെറ്റായ ഒരു പ്രവണതയും കടന്നുകൂടുന്നത് അനുവദിക്കില്ല . അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസനിധിയില്‍ നിന്നും അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎംഡിആര്‍എഫ് എന്ന പേരില്‍ നടത്തുന്ന പരിശോധനയില്‍ കഴിഞ്ഞ ദിവസം വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. മുണ്ടക്കയം സ്വദേശി കോട്ടയം, ഇടുക്കി കളക്ടറേറ്റുകളില്‍ നിന്ന് ഹൃദ്രോഗത്തിന് രണ്ട് തവണയായി 15,000 രൂപയും കോട്ടയത്ത് നിന്ന് കാന്‍സര്‍ ചികിത്സയ്ക്ക് 10,000 രൂപയും വാങ്ങിയതായി കണ്ടെത്തി. അപേക്ഷയോടൊപ്പം കാഞ്ഞിരപ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. സമ്പന്നരായ രണ്ട് വിദേശ മലയാളികള്‍ക്കും സിഎംഡിആര്‍എഫില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ഏജന്‍റ് നല്‍കിയ 16 അപേക്ഷകളിലും സഹായം നല്‍കിയിട്ടുണ്ട്. പുനലൂരിലെ ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തി. അര്‍ഹതപ്പെട്ട പലര്‍ക്കും പണം ലഭിച്ചിട്ടില്ലെന്നും കണ്ടെത്തലുണ്ട്. അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ മാറ്റി നല്‍കിയും വ്യാപകമായി ക്രമക്കേട് നടത്തുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *