ദിലീപിന്‍റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കണം; ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഉടന്‍ അപേക്ഷ നല്‍കും

Latest News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും.
കഴിഞ്ഞ ദിവസം പരിഗണിക്കാനെടുത്ത കേസ് പ്രോസിക്യൂഷന്‍റെ ആവശ്യ പ്രകാരമാണ് അടുത്ത ബുധനാഴ്ചത്തേക്ക് കോടതി മാറ്റിയത്. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, വളരെ നാടകീയമായിട്ടാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ദിലീപിനെതിരെ പുതിയ തെളിവുകള്‍ കിട്ടിയ സാഹചര്യത്തിലാണ് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുന്നത്. ദിലീപിന് പുറമേ സഹോദരന്‍ അനൂപ് (പി. ശിവകുമാര്‍), സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സംവിധായകനായ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷിയായ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *