ദവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ പേരില്‍ വ്യാജ ജോലി വാഗ്ദാനം; ഉദ്യോഗാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് ചെയര്‍മാന്‍

Top News

തിരുവനന്തപുരം : ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ പേരില്‍ വ്യാജ നിയമന ഉത്തരവുകള്‍ നല്‍കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം രാജഗോപാലന്‍ നായര്‍ പറഞ്ഞു. സുതാര്യമായ രീതിയില്‍ മികച്ച സുരക്ഷിതത്വത്തോടെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നടത്തുന്ന പരീക്ഷയും തുടര്‍ന്ന തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹത്തില്‍ വ്യാപകമായ വ്യാജപ്രചാരണവും തട്ടിപ്പുകളും നടക്കുന്നതായി ചെയര്‍മാന്‍ ആരോപിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ക്ലര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് -2 തസ്തികകളിലേക്കുള്ള ഒഎംആര്‍ പരീക്ഷ സെപ്റ്റബര്‍ 18ന് നടക്കാനിരിക്കെയാണ് വ്യാജ നിയമന ഉത്തരവുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ വച്ചാണ് പരീക്ഷ നടത്തുന്നത്.ഒരു ലക്ഷത്തി പതിനായിരത്തോളം അപേക്ഷകര്‍ 468 പരീക്ഷ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതും. ഈ വര്‍ഷം തന്നെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമന ശിപാര്‍ശ നടത്താനാണ് ദേവസ്വംബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്.
ദേവസ്വം ബോര്‍ഡിന്‍റെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം തട്ടുന്ന നാലോളം കേസുകള്‍ നിലവിലുണ്ട്.ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ ലെറ്റര്‍ ഹെഡും സീലും രേഖകളും വരെ വ്യാജമായി തയ്യാറാക്കിയാണ് തട്ടിപ്പുകാര്‍ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നത്.കേസുകളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംസ്ഥാനത്തിന് പുറത്തും ഇത്തരം വ്യാജസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സൂചനകളുണ്ട്.ദേവസ്വം ബോര്‍ഡിന്‍റെ ഒഴിവുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ നിയമനശിപാര്‍ശ നല്‍കുന്നത് വരെയുള്ള വിവരങ്ങള്‍ ദേവജാലിക സോഫ്റ്റ്വെയറിലൂടെ ലഭിക്കും. 2016ല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഈ പോര്‍ട്ടലില്‍ 4,72,602 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ വിജ്ഞാപനം ചെയ്ത 84 തസ്തികകളില്‍ 77 എണ്ണത്തില്‍ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തില്‍ 1308 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശിപാര്‍ശ നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *