തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി, 18 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ദയാബായി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്. ആശുപത്രിയില്‍ നിന്നും സമരപന്തലിലെത്തിയ ദയാബായി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സമരപന്തലിലെത്തിയ ദയാബായിയെ ആവേശപൂര്‍വ്വമാണ് ഏതിരേറ്റത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സമരപന്തലിലെത്തി.അവസാനിപ്പിച്ചത് നിരാഹാരം മാത്രമാണെന്നും ഉന്നയിച്ചതും സര്‍ക്കാര്‍ അംഗീകരിച്ച് രേഖാമൂലം തന്നതുമായി ഉറപ്പുകള്‍ നടപ്പാക്കുംവരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു.ദയാബായിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അനുനയ നീക്കം നടത്തിയിരുന്നു. എന്നാല്‍, ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്മാറില്ലെന്ന നിലപാടില്‍ ദയാബായി ഉറച്ച് നിന്നു.ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് മൂന്ന് തവണ പൊലീസ് എത്തി ദയാബായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മൂന്ന് തവണയും തിരികെ സമരപ്പന്തലില്‍ അവര്‍ തിരിച്ചെത്തി. സമരം തുടരുകയായിരുന്നു. ഇടയ്ക്ക് ആശുപത്രിയിലും അവര്‍ സമരം തുടര്‍ന്നു.മന്ത്രിമാരായ ആര്‍. ബിന്ദുവും വീണാ ജോര്‍ജ്ജും ആശുപത്രയില്‍ നേരിട്ടെത്തിയാണ് ദായാബായിയുടെ സമരം അവസാനിപ്പിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ന്യൂറോളജി സേവനം സാധ്യമാക്കും.കാസര്‍കോട് മെഡിക്കല്‍ കോളേജിന്‍റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. തദ്ദേശ സ്ഥാപനങ്ങളിലും ബഡ്സ് സ്കൂളിലും കുട്ടികള്‍ക്കായി ദിന പരിചരണ സംവിധാനം ഒരുക്കും.ദുരിന്തബാധിതരെ കണ്ടെത്താന്‍ രണ്ട് മാസത്തിനുള്ളില്‍ അപേക്ഷ സ്വീകരിക്കും. അഞ്ച് മാസത്തിനുള്ളില്‍ ഇതിനായി പ്രത്യേകം ക്യാമ്പുകള്‍ നടത്തുമെന്നും സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു.